modi-in-dhaka

ധാക്ക: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. ഇന്നലെ രാവിലെ 10:40 ഓടെ ബംഗ്ലാദേശ് വിമാനത്താവളത്തിലെത്തിയ മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മുജീബുർ റഹ്മാന്റെ ജന്മവാർഷികാഘോഷങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50ാം വർഷം, ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനാണ് മോദി പ്രധാനമായും ബംഗ്ലാദേശിൽ എത്തിയത്. തന്റെ ജീവിതത്തിലെ ആദ്യ രാഷ്ട്രീയ പ്രതിഷേധത്തിലൊന്ന് ബംഗ്ലാദേശിന് വേണ്ടിയുള്ളതായിരുന്നുവെന്ന് മോദി പറഞ്ഞു. ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിക്കാനായി ഒരു സഹപ്രവർത്തകനോടൊപ്പം ഞാൻ സത്യഗ്രഹത്തിനിരുന്നിട്ടുണ്ട്. ഇക്കാരണത്താൽ ഞാൻ ജയിൽശിക്ഷയും അനുഭവിച്ചു.ബംഗ്ലാദേശിലെ സൈനികരുടെ താഗ്യമനോഭാവത്തേയും അവർക്കൊപ്പം നിലകൊണ്ട ഇന്ത്യൻ സൈനികരേയും ഒരിക്കലും ഞങ്ങൾ മറക്കില്ല. - മോദി പറഞ്ഞു. ഹസീനയ്ക്കൊപ്പം ധാക്ക ഗ്രൗണ്ടിൽ നടന്ന ദേശീയ ദിനാഘോഷങ്ങളിൽ മോദി പങ്കെടുത്തു. ഇതെന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽ ഒന്നാണ്. എന്നെ ഇവിടേക്ക് ക്ഷണിച്ചതിൽ ഞാൻ എന്നും ബംഗ്ലാദേശിനോട് കടപ്പെട്ടിരിക്കും - അദ്ദേഹം വ്യക്തമാക്കി.

നിരവധി സാമുദായിക - ന്യൂനപക്ഷ നേതാക്കളെയും സ്വാതന്ത്ര്യ സമരസേനാനികളേയും കലാകാരന്മാരേയും സന്ദർശിച്ച മോദി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുൾ മോമനുമായും ചർച്ചയും നടത്തിയിരുന്നു.