reservation

ന്യൂഡൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി പരാമർശം. സാമ്പത്തിക സംവരണമായിരിക്കും നിലനിൽക്കുക എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും അശോക് ഭൂഷൺ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജാതി സംവരണം ഇല്ലാതായേക്കാമെന്ന സുപ്രീംകോടതി പരാമർശം.

സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാർലമെന്റാണ് തീരുമാനം എടക്കേണ്ടത്. പരിഷ്‌കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങൾ സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹർജിയിൽ 1992 ലെ മണ്ഡൽ കമ്മിഷൻ വിധി പുനഃപരിശോധിക്കണോ എന്നതിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂർത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം.

സംവരണ പരിധി 50 ശതമാനം കടക്കാമെന്നും വിധി പുനഃപരിശോധിക്കാമെന്നുമാണ് കേരളം കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് അശോക് ഭൂഷണ് പുറമേ, ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എസ്. അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ്. രവിചന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചിലുള്ളത്.