modi-

 പ്രധാനമന്ത്രി ബംഗ്ലാദേശിൽ

ധാക്ക: ജീവിതത്തിലെ ആദ്യ രാഷ്ട്രീയ പ്രതിഷേധങ്ങളിലൊന്ന് ബംഗ്ലാദേശിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിക്കാനായി ചെറുപ്പകാലത്ത് സഹപ്രവർത്തകർക്കൊപ്പം സത്യഗ്രഹം നടത്തി. ജയിൽശിക്ഷയും അനുഭവിച്ചു. ബംഗ്ലാദേശിലെ സൈനികരുടെ താഗ്യത്തേയും അവർക്കൊപ്പം നിലകൊണ്ട ഇന്ത്യൻ സൈനികരെയും മറക്കില്ല.'- രണ്ട് ദിവസത്തെ ബംഗ്ളാദേശ് സന്ദർശനത്തിന് ഇന്നലെ ഢാക്കയിൽ എത്തിയ മോദി പറഞ്ഞു.

ഇന്നലെ രാവിലെ 10.40 ഓടെ ഢാക്കയിലെ ഹസ്രത്ത് ഷാജ്‌ലാൽ വിമാനത്താവളത്തിൽ മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.

വിമാനത്താവളത്തിൽ നിന്ന് മോദി നേരെ പോയത് 35കിലോമീറ്റർ അകലെയുള്ള സവറിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കാണ്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. അവിടെ അദ്ദേഹം ഒരു വ‌ൃക്ഷത്തൈ നടുകയും ചെയ്‌തു.

ബംഗ്ളാദേശിന്റെ രാഷ്ട്രപിതാവായ വംഗബന്ധു മുജീബുർ റഹ്‌മാന്റെ ജന്മ ശതാബ്ദി, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സുവർണ ജൂബിലി,​ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനാണ് മോദി എത്തിയത്. ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി ഷേഖ് ഹസീന, പ്രസിഡന്റ് അബ്ദുൾ ഹമീദ് എന്നിവർക്കൊപ്പം മോദി പങ്കെടുത്തു. തുടർന്ന് ബാപു വംഗബന്ധു ഡിജിറ്റൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്‌തു.

'ഇതെന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽ ഒന്നാണ്. എന്നെ ഇവിടേക്ക് ക്ഷണിച്ചതിൽ എന്നും ബംഗ്ലാദേശിനോട് കടപ്പെട്ടിരിക്കും.' - അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ സൈന്യം ബംഗ്ളാദേശിലെ ജനങ്ങളോട് കാട്ടിയ അതിക്രമങ്ങളുടെ ചിത്രങ്ങൾ ഇന്ത്യയുടെ മനഃസാക്ഷിയെ ഞെട്ടിച്ചെന്നും ദിവസങ്ങളോളം ആ ചിത്രങ്ങൾ തങ്ങളുടെ ഉറക്കം കെടുത്തിയെന്നും മോദി പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷ നേതാക്കൾ,​ 71ലെ യുദ്ധത്തിൽ പൊരുതിയ മുൻ ഗറില്ലാ സേനയായ മുക്തിയോദ്ധാക്കളുടെ പ്രതിനിധി സംഘം,​ കലാകാരന്മാർ തുടങ്ങിയവരെയും മോദി കണ്ടു.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുൾ മോമനുമായും ചർച്ച നടത്തി.

എയർ ഇന്ത്യ വൺ

കൊവിഡ് കാലത്ത് മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ബോയിംഗ് കമ്പനി പ്രത്യേകം നിർമ്മിച്ച രണ്ട് എയർ ഇന്ത്യ വൺ വിമാനങ്ങളിൽ ഒന്നിലാണ് മോദി ബംഗ്ലാദേശിൽ എത്തിയത്. ഇന്ത്യൻ രാഷ്‌ട്രപതി,​ ഉപരാഷ്‌ട്രപതി,​ പ്രധാനമന്ത്രി എന്നിവർക്ക് വേണ്ടി നിർമ്മിച്ച വി.വി.ഐ.പി വിമാനത്തിന്റെ കന്നി വിദേശ യാത്രയാണിത്.

 മോദിക്കെതിരെ പ്രതിഷേധം

മോദി മുസ്ളിം വിരുദ്ധ നിലപാടുകൾ സ്വീകരിച്ചെന്നും സ്വേച്ഛാധിപതിയാണെന്നും ആരോപിച്ച് ഢാക്കയിൽ വിദ്യാർത്ഥികളും യുവജനങ്ങളും പ്രതിഷേധിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു.