air-india

ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ 64 ദിവസത്തിനകം പൂർത്തിയാക്കുമെന്നും മേയ് അവസാനവാരമോ ജൂണിലോ കമ്പനിക്ക് പുതിയ ഉടമസ്ഥരെ ലഭിക്കുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. മേയ്-ജൂൺ മാസങ്ങളിലായി പുതിയ ഉടമസ്ഥരെ പ്രഖ്യാപിച്ചാലും ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ ആറുമാസം കൂടി വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ 2018ൽ കേന്ദ്രം വിറ്റൊഴിയാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആരും വന്നിരുന്നില്ല. കേന്ദ്രവുമായി ചേർന്ന് കമ്പനി നടത്താൻ നിക്ഷേപകർ മടിച്ചു. കടുത്ത നിബന്ധനകളും എയർ ഇന്ത്യയുടെ വലിയ കടബാദ്ധ്യതയും തിരിച്ചടിയായി. തുടർന്നാണ്, 100 ശതമാനം ഓഹരികളും വിറ്റൊഴിയാൻ തീരുമാനിച്ചത്. എയർ ഇന്ത്യയ്ക്ക് പുറമേ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികൾ എന്നിവയാണ് വിറ്റൊഴിയുന്നത്.

നിക്ഷേപകരെ ആകർഷിക്കാനായി വില്പനച്ചട്ടങ്ങൾ കേന്ദ്രം ലളിതമാക്കിയിരുന്നു. ഓ​ഹ​രി​ ​മൂ​ല്യ​ത്തി​ന് ​പ​ക​രം​ ​ഹ്രസ്വകാല - ദീ​ർ​ഘ​കാ​ല​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഉ​ൾ​പ്പെ​ടെ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​എന്റർപ്രൈസ്​ ​മൂ​ല്യം​ ​(സം​രം​ഭ​ക​ ​മൂ​ല്യം​)​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​താ​ത്പ​ര്യ​പ​ത്ര​മാണ് ക്ഷണിച്ചത്. എയർ ഇന്ത്യയുടെ കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും നിക്ഷേപകർ വ്യക്തമാക്കണം. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി.

എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286 കോടി രൂപയായി സർക്കാർ കുറച്ചിട്ടുമുണ്ട്. എ.ഐ അസെറ്റ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ്.പി.വി) കടബാദ്ധ്യതയിൽ 30,000 കോടി രൂപ കൈമാറിക്കൊണ്ടായിരുന്നു ഇത്. എയർ ഇന്ത്യ വില്പനയിലൂടെ ലഭിക്കുന്ന തുകയുടെ 15 ശതമാനം കേന്ദ്രസർക്കാർ ഖജനാവിലേക്ക് മാറ്റും. ബാക്കി കടംവീട്ടാൻ ഉപയോഗിക്കും.

സാദ്ധ്യത ടാറ്റയ്ക്ക്

ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റിന്റെ സ്ഥാപകൻ അജയ് സിംഗുമാണ് എയർഇന്ത്യയ്ക്കായി സജീവമായി രംഗത്തുള്ളത്. ടാറ്റാ ഗ്രൂപ്പിനാണ് സാദ്ധ്യത കൂടുതൽ കല്പിക്കപ്പെടുന്നത്. ജെ.ആർ.ഡി ടാറ്റ 1932ൽ സ്ഥാപിച്ച വിമാനക്കമ്പനിയാണ് പിന്നീട് എയർ ഇന്ത്യയായി മാറിയതും കേന്ദ്രം സ്വന്തമാക്കിയതും. ഇപ്പോൾ, അതേ കമ്പനിയെ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റാ ഗ്രൂപ്പിന് ഉയർന്ന ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ മുഖേനയാണിത്.