
രാഹുലിന്റെ സെഞ്ച്വറി പാഴായി ,രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
പരമ്പര 1-1ന് സമനിലയിൽ ,അവസാന മത്സരം നാളെ
പൂനെ : ആദ്യ മത്സരത്തിലെ തോൽവിക്ക് രണ്ടാം മത്സരത്തിൽ പകരം വീട്ടി ഇംഗ്ളണ്ട്. ഇന്നലെ രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിന് വിജയം നേടിയ ഇംഗ്ളണ്ട് മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലാക്കി. നാളെയാണ് അവസാന മത്സരം.ഇന്നലെ ഇന്ത്യ ഉയർത്തിയ 336/6 എന്ന സ്കോർ 43.3 ഓവറിൽ നാലുവിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് സന്ദർശകർ മറികടന്നത്. സെഞ്ച്വറി നേടിയ ബെയർസ്റ്റോയും (124),99 റൺസടിച്ച ബെൻ സ്റ്റോക്സും 55 റൺസ് നേടിയ ജാസൺ റോയ്യും ചേർന്നാണ് ഇംഗ്ളണ്ടിന് വിജയമൊരുക്കിയത്.
ഫോമില്ലാത്തതിന്റെ പേരിൽ വിമർശനം കേട്ടിരുന്ന കെ.എൽ രാഹുലും(108) ഒരുവർഷത്തിലേറെയായി ഏകദിന ടീമിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടിരുന്ന റിഷഭ് പന്തും (77) നായകന്റെ ഉത്തരവാദിത്വവുമായി ബാറ്റുവീശിയ വിരാട് കൊഹ്ലിയും (66)മിന്നിത്തിളങ്ങിയപ്പോഴാണ് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തത്.
37 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ശിഖർ ധവാനെയും (4), രോഹിത് ശർമ്മയെയും (25) നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ 121റൺസ് കൂട്ടിച്ചേർത്ത രാഹുലും കൊഹ്ലിയും ചേർന്നാണ് കരകയറ്റിയത്. കഴിഞ്ഞ മത്സരത്തിൽ 98 റൺസെടുത്തിരുന്ന ധവാൻ ഇന്നലെ നാലാം ഓവറിൽ ടോപ്ളേയുടെ പന്തിൽ സ്റ്റോക്സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഒൻപത് റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. മൂന്നാം നമ്പരിൽ ഇറങ്ങിയ നായകൻ കാലുറപ്പിച്ച് വരുന്നതിനിടെ രോഹിതും കൂടാരം കയറി.25 പന്തുകൾ നേരിട്ട് അഞ്ചുബൗണ്ടറികൾ പായിച്ച രോഹിത് ഒൻപതാം ഓവറിൽ സാം കറാന്റെ പന്തിൽ റാഷിദിന് ക്യാച്ച് നൽകുകയായിരുന്നു.
തുടർന്ന് ക്രീസിലൊരുമിച്ച രാഹുലും കൊഹ്ലിയും ചേർന്ന് 23-ാം ഓവറിൽ ഇന്ത്യയെ 100 കടത്തി. തന്റെ കരിയറിലെ 62-ാമത് അർദ്ധസെഞ്ച്വറി തികച്ച ശേഷം കൊഹ്ലി സ്കോർ ഉയർത്താനുള്ള ശ്രമം തുടങ്ങി. എന്നാൽ അധികദൂരം മുന്നോട്ടുപോകാൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല.വ്യക്തിഗത സ്കോർ 66ൽ വച്ച് റാഷിദിന്റെ പന്തിൽ കീപ്പർക്യാച്ച് നൽകി മടങ്ങിയ കൊഹ്ലി 79 പന്തുകൾ നേരിട്ട് മൂന്നുഫോറും ഒരു സിക്സും പറത്തി. കരിയറിൽ ഇത് ഒൻപതാം തവണയാണ് കൊഹ്ലിയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ റാഷിദ് പുറത്താക്കുന്നത്.
നാലാം വിക്കറ്റിൽ രാഹുലിന് കൂട്ടായെത്തിയ റിഷഭ് പന്ത് കത്തിക്കയറിയതോടെയാണ് സ്കോർ ബോർഡിന് ചടുലത വന്നത്.77 പന്തുകളിൽ 113 റൺസാണ് രാഹുൽ - റിഷഭ് സഖ്യം വാരിക്കൂട്ടിയത്.40 പന്തുകളിൽ മൂന്നു ഫോറും ഏഴുസിക്സുകളും അടിച്ചുകൂട്ടിയ റിഷഭിനെ സാക്ഷിയാക്കി രാഹുൽ തന്റെ കരിയറിലെ അഞ്ചാം ഏകദിന സെഞ്ച്വറിയിലേക്കെത്തി. 108 പന്തുകളാണ് മൂന്നക്കത്തിലേക്കെത്താൻ രാഹുലിന് വേണ്ടിവന്നത്.114 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്സും പറത്തിയ രാഹുൽ 45-ാം ഓവറിലാണ് പുറത്തായത്. ടോം കറാന്റെ പന്തിൽ ടോപ്ളേയ്ക്കായിരുന്നു ക്യാച്ച്.ടീമിനെ 300 കടത്തിയ ശേഷം റിഷഭും മടങ്ങി.16 പന്തുകളിൽ നാലു സിക്സും ഒരു ഫോറുമടക്കം 35 റൺസടിച്ച ഹാർദിക്ക് പാണ്ഡ്യ അവസാന ഓവറുകളിൽ സ്കോർ ഉയർത്തി.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് ജാസൺ റോയ്യും ജോണി ബെയർ സ്റ്റോയും ചേർന്ന് മികച്ച തുടക്കം നൽകി.52 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സുമടക്കം 55 റൺസടിച്ച റോയ് ടീം സ്കോർ 110ൽ വച്ച് റൺഔട്ടാവുകയായിരുന്നു. തുടർന്ന് ബെയർസ്റ്റോയ്ക്ക് ഒപ്പം ബെൻ സ്റ്റോക്സ് എത്തിയതോടെ ഇംഗ്ളണ്ട് കരുത്തോടെ വിജയത്തിലേക്ക് കുതിച്ചു.
മൂന്നാം നമ്പരിൽ വിരാട് 10000
ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പർ ബാറ്റിംഗ് പൊസിഷനിലിറങ്ങി 10000 റൺസ് കടക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി വിരാട് കൊഹ്ലി. മൂന്നാം നമ്പരിൽ 12,662 റൺസെടുത്ത റിക്കി പോണ്ടിംഗ് മാത്രമാണ് ഇക്കാര്യത്തിൽ കൊഹ്ലിക്ക് മുന്നിലുളളത്.