narendra-modi

ന്യൂഡൽഹി: രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ പേരിൽ ഇരുപതാം വയസിൽ ജയിലിൽ കിടക്കേണ്ടി വന്നു. ആ സമരപോരാട്ടം തന്റെ ജീവിതത്തിലെ നിർണായക സംഭവമായിരുന്നുവെന്നും അദ്ദേഹം ധാക്കയിൽ പറഞ്ഞു. രണ്ട് ദിവസത്തെ ബംഗ്ലദേശ് സന്ദർശനത്തിന്റെ ഭാഗമായി ധാക്കയിൽ എത്തിയതായിരുന്നു മോദി.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരപോരാട്ടം എന്റെ ജീവിതത്തിലെയും നിർണായക സംഭവമായിരുന്നു. ഇന്ത്യയിൽ ഞാനും എന്റെ സുഹൃത്തുക്കളും സത്യാഗ്രഹമനുഷ്ടിച്ചു. അന്ന് എനിക്ക് ഇരുപതോ ഇരുപത്തിരണ്ടോ വയസുണ്ടാകും. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലിൽ പോകാനും അവസരമുണ്ടായതായും മോദി പറഞ്ഞു.

ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിലെ നാഷണൽ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൾ ഹമീദിനും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനോടുള്ള ആദരസൂചകമായി 'മുജീബ് ജാക്കറ്റ്' ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തത്.

ജീവിതത്തിലെ അവിസ്മരണീയമായ ദിനമാണിതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ അവസരം തന്നതിന് ബംഗ്ലാദേശിനോട് നന്ദി പറയുന്നതായും പറഞ്ഞു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. അതേസമയം മോദിയുടെ സന്ദശനത്തിനെതിരെ ബംഗ്ളാദേശിൽ പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് റബ്ബർ ബുളളറ്റുപയോഗിച്ച് നടത്തിയ വെടിവെയ്പ്പിനെത്തുടർന്ന് നാലുപേർ കൊല്ലപ്പെട്ടതായി ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.