
ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച 'റിപ്പോർട്ടർ ലൈവ്' ചാനലിന്റെ മാദ്ധ്യമപ്രവർത്തകനും ചാനൽ ഉടമയുമായ എംവി നികേഷ്‌കുമാറിനോട് പൊട്ടിത്തെറിച്ച് തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. ശബരിമല എങ്ങനെയാണ് വൈകാരിക വിഷയം ആകുന്നതെന്നും സുപ്രീം കോടതിയല്ലേ ശബരിമല സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചെതെന്നുമുള്ള ചോദ്യം വന്നപ്പോഴാണ് ബിജെപി സ്ഥാനാർത്ഥി പൊട്ടിത്തെറിച്ചത്.
അഞ്ച് വർഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചുവെങ്കിൽ ബിജെപിയെ പരീക്ഷിക്കാൻ ജനം തയ്യാറാകണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അങ്ങനെ ദ്രോഹം സംഭവിച്ചുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ വിശ്വാസങ്ങളെ തകർക്കാൻ വരികയാണെങ്കിൽ അങ്ങനെ തകർക്കാൻ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരമെന്നും നടൻ പറഞ്ഞു. ഇതേ തുടർന്നാണ് ശബരിമലയുടെ ബന്ധപ്പെട്ട ചോദ്യം വന്നത്. സുരേഷ് ഗോപിയുടെ വിശ്വാസത്തെ തകർക്കാൻ വന്നത് സുപ്രീം കോടതിയാണോ കേരള സർക്കാരാണോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ബിജെപി സ്ഥാനാർത്ഥിയുടെ വാക്കുകൾ ഇങ്ങനെ:
'സുപ്രീം കോടതി കൊണ്ടുവന്ന എല്ലാം നിങ്ങളങ്ങ് അംഗീകരിച്ചോ? നാല് ഫ്‌ളാറ്റുകൾ പൊളിച്ചു...ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ ടു പ്ളേ ദ ഫൂൾ വിത്ത് മീ നികേഷ്...നോ ഇറ്റ്സ് വെരി ബാഡ്...നിങ്ങൾ ഉടനെ സുപ്രീം കോടതിയുടെ തലയിലാ വയ്ക്കുന്നത്? (ഒച്ചയുയർത്തി)സുപ്രീം കോടതി പറഞ്ഞോ...ഈ...കൊണ്ടുചെന്ന് വലിച്ചുകേറ്റാൻ? പറഞ്ഞോ?! പ്ലീസ്...പ്ലീസ്... യു ആർ ഡ്രാഗിങ്ങ് മീ ടു ദ റോങ്ങ് ട്രാക്ക്...പ്ലീസ്..'
സുപ്രീം കോടതിയല്ലേ ഈ വിഷയത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും അത് കേരള സർക്കാർ നടപ്പാക്കുകയല്ലേ ചെയ്തിട്ടുള്ളതെന്നും മാദ്ധ്യമപ്രവർത്തകൻ തുടർന്നും ചോദിക്കുന്നുണ്ട്. എന്നാൽ ബിജെപി സ്ഥാനാർത്ഥി അതിനും കടുത്ത ഭാഷയിൽ തന്നെയാണ് ഉത്തരം നൽകുന്നത്.
ചോദ്യത്തോട് 'ഓ...സുപ്രീം കോടതി പറഞ്ഞു.. പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പോലീസ് ചട്ടയണിയിച്ച് കയറ്റാൻ'-എന്നാണ് നടൻ പ്രതികരിക്കുന്നത്. തുടർന്ന് പുന്നപ്രയിൽ ബിജെപി സ്ഥാനാർത്ഥി എത്തിയപ്പോൾ എന്താണ് തുലഞ്ഞുപോയത് എന്നും എന്തിനാണ് അവിടം പൂട്ടിട്ട് പൂട്ടിയതെന്നും നടൻ ചോദിക്കുന്നു. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധീനതയിലുള്ള സ്ഥലമാണെന്ന് മാദ്ധ്യമപ്രവർത്തകൻ ഉത്തരം നൽകുമ്പോൾ ചുമ്മാതിരിക്കണമെന്നും 'ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകൾ വച്ചിരിക്കുന്ന പാർട്ടി പ്രോപ്പർട്ടിയാണ്' പുന്നപ്ര-വയലാർ സ്മാരകമെന്നും ബിജെപി സ്ഥാനാർത്ഥി പറഞ്ഞു.