
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പാലാ കാനാട്ട്പാറ മംഗലംകുന്നേൽ ഇമ്മാനുവൽ(മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ് (43) എന്നിവരാണ് പിടിയിലായത്. ഇതേ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇമ്മാനുവൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് ലൈംഗികാതിക്രമം കാട്ടിയത്. മാതാപിതാക്കൾ നൽകിയ പരാതിയിൽ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തുനിന്ന് പിടികൂടി കട്ടപ്പനയിലെത്തിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗിലാണ് പോൾ ജോർജിന്റെയും മറ്റു രണ്ടുപേരുടെയും പേരുകൾ വെളിപ്പെടുത്തിയത്. തായ്ക്കോണ്ട അദ്ധ്യാപകനായ പോളിന്റെ കീഴിൽ ഒരു വർഷത്തോളം പെൺകുട്ടി പരിശീലനം നേടിയിരുന്നു. മത്സരങ്ങൾക്കായി കൊണ്ടുപോയപ്പോൾ ഉപദ്രവിച്ചെന്നാണ് മൊഴി. മറ്റു രണ്ടുപേരും വർഷങ്ങൾക്ക് മുമ്പ് ഉപദ്രവിച്ചതായും മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സി.ഐ. ബി. ജയൻ, എസ് ഐമാരായ ബിനു ലാൽ, സാബു തോമസ്, ടി എ ഡേവിസ്, വനിത സിപിഒ ജോളി ജോസഫ്, സിപിഒമാരായ സിയാദ്, സബിൻ കുമാർ, എബിൻ ജോസ്, പ്രശാന്ത് മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയത്.