
ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ നാല് പേർ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘർഷത്തിലാണ് നാല് പേർ മരിച്ചത്. ബംഗ്ലാദേശിലെ തുറമുഖനഗരമായ ചിറ്റഗോംഗിലാണ് ലാ വെടിവെപ്പുമുണ്ടായത്.
പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷനിൽ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെ ധാക്കയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി ബംഗ്ലദേശിന്റെ സ്വാതന്ത്യ ആഘോഷങ്ങളിലും പങ്കെടുക്കും. കൊവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.