
തിരുവനന്തപുരം: സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാദ്ധ്യായ എന്നിവർ ഭരണഘടന നിലവിൽ വന്നപ്പോൾ അതിനെ നിരാകരിച്ചവരാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ജനങ്ങളാണ് രാജ്യമെന്നും ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നുമാണ് അവർ പറഞ്ഞത്. ഇതുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഹിന്ദുയിസം തന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹിന്ദുത്വ ഒരു പൊളിറ്റിക്കൽ ഐഡിയോളജിയാണ്. നമ്മുടെ ഭരണഘടനപറയുന്നത് ഈ പ്രദേശമാണ് ഇന്ത്യ. ഇവിടെ ജനാധിപത്യ വ്യവസ്ഥയാണുള്ളത്. അവിടെ ജാതിയും മതവും ഭാഷയും നിറവുമൊന്നും പ്രശ്നമല്ല. ഏതു പൗരനും ഒരു വിവേചനവുമില്ലാതെ ജീവിക്കാം. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര വിശാരദരായ സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാദ്ധ്യായ എന്നിവർ ഭരണഘടന നിലവിൽ വന്നപ്പോൾ അതിനെ നിരാകരിച്ചവരാണെന്നും തരൂർ പറഞ്ഞു.
അവർ പറഞ്ഞത് ഇതു ശരിയല്ലെന്നാണ്. അവരുടെ ചിന്താപദ്ധതിയനുസരിച്ച് ഒരു പ്രദേശമല്ല ഇന്ത്യ. ജനങ്ങളാണ് രാജ്യമെന്നും ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നുമാണ് അവർ പറഞ്ഞത്. ഇതുമായി എനിക്കൊരു ബന്ധവുമില്ല. ഹിന്ദുയിസം എന്റെ വ്യക്തിപരമായ വിശ്വാസമാണ്. എന്റെ രാഷ്ട്രീയവിശ്വാസം നേരെ തിരിച്ചാണെന്നും സ്വാമി വിവേകാനന്ദൻ എന്നെ പഠിപ്പിച്ചതാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയതയാണ് ബി.ജെ.പിയെ തന്നിൽനിന്നും അകറ്റിയത്. വർഗീയതയുമായി ഒത്തുപോവാൻ എനിക്കാവില്ല. ഞാൻ ഹിന്ദു മതവിശ്വാസിയാണ്. പക്ഷേ, അത് ഹിന്ദുത്വയല്ല. വിശ്വാസം എന്റെ വ്യക്തിപരമായ കാര്യമാണ്. വർഗീയതയില്ലെന്നതും സാമ്പത്തിക നയങ്ങളുമാണ് എന്നെ കോൺഗ്രസിലേക്കടുപ്പിച്ചതെന്നും തരൂർ പറഞ്ഞു.