pm-in-bangladesh

ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് തിരക്കിട്ട പരിപാടികൾ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും 300 കിലോമീറ്റര്‍ ദൂരെയുള്ള ശക്തിര ജെശോരേശ്വരി ക്ഷേത്രം ദര്‍ശനമാണ് പ്രധാനമന്ത്രിയുടെ ആദ്യത്തെ പരിപാടി. ബംഗ്ലാദേശ് സ്വാതന്ത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിലും ബംഗ്ലാബന്ധു എന്ന അറിയപ്പെടുന്ന ഷെയ്ഖ് മുബീബ് റഹ്‌മാന്റെ നൂറാം ജന്മദിനാഘോഷത്തിലും പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്ലാദേശില്‍ എത്തിയത്.

ശക്തിര ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി തുങിപാരയിലെ ഷെയ്ഖ് മുബീബ് റഹ്‌മാന്റെ മ്യൂസിയം സന്ദര്‍ശിക്കും. ഷെയ്ഖ് മുബീബ് റഹ്‌മാന്റെ മകളും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന നരേന്ദ്രമോദിയെ സ്വീകരിക്കും. തുടര്‍ന്നാണ് അദ്ദേഹം ഓറാകാണ്ടിയിലുള്ള മഠുവാ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നുത്. മഠുവാ വിഭാഗക്കാരുടെ ആരാധ്യ പുരുഷനും ആ വിശ്വാസ ശാഖയുടെ സ്ഥാപകനുമായ ഹരിചന്ദ് താക്കൂറിനോടുള്ള ആദരസൂചകമായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.

പശ്ചിമബംഗാളിലെ വോട്ടെടുപ്പിന് ഇടയിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യാദൃച്ഛികമല്ല എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം. ഇവിടെ നിന്നും വൈകുന്നേരത്തോടെ ധാക്കയില്‍ മടങ്ങിയെത്തുന്ന നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ഓദ്യോഗിക കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.