
'എനിക്കിപ്പോഴും ഓർമ്മയുണ്ട് ആ ചിത്രങ്ങൾ. പാകിസ്ഥാൻ സൈന്യം ബംഗ്ളാദേശ് ജനതയോട് കാട്ടിയ കൊടുംക്രൂരതയുടെ നേർകാഴ്ചകൾ. ഉറക്കത്തിൽപ്പോലും ആ ചിത്രങ്ങൾ ഇന്ത്യക്കാരെ വേട്ടയാടി.'- രണ്ട് ദിവസത്തെ ബംഗ്ളാദേശ് സന്ദർശനത്തിനായി കഴിഞ്ഞദിവസം ഢാക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്.
ലോകത്തെ നടുക്കിയ ക്രൂരതയ്ക്ക് 50 വയസ് പിന്നിടുമ്പോൾ, ഒരു കാര്യം ഉറപ്പിച്ച് പറയാനാകും. ബംഗ്ളാദേശിന്റെ നെഞ്ചിലെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പാക് പട്ടാളത്തിന്റെ ക്രൂരതയ്ക്കിരയായ ജനതയുടെ നിലവിളികൾ ഇനിയും അവസാനിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ 10.40 ഓടെ ഢാക്കയിലെ ഹസ്രത്ത് ഷാജ്‌ലാൽ വിമാനത്താവളത്തി
ലെത്തിയ മോദി, നേരെ പോയത് 35കിലോമീറ്റർ അകലെയുള്ള സവറിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കാണ്. 1971മാർച്ച് 25 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. അവിടെ നീർമരുത് നട്ട അദ്ദേഹം ബംഗ്ലാദേശിലെ സൈനികരുടെ താഗ്യത്തേയും അവർക്കൊപ്പം നിലകൊണ്ട ഇന്ത്യൻ സൈനികരെയും സ്മരിച്ചു.
മനഃസാക്ഷിയെ നടുക്കിയ ഈ കൊടുംക്രൂരതയ്ക്ക് തുടക്കം കുറിയ്‌ക്കപ്പെടുന്നത്, 1971 മാർച്ച് 25 നാണ്. അന്നാണ്, ജനറൽ യഹ്യാ ഖാന്റെ പാകിസ്ഥാൻ പട്ടാളം, ബംഗ്ലാദേശിലെ വിപ്ലവകാരികൾക്കെതിരെയുള്ള തങ്ങളുടെ നരനായാട്ട് തുടങ്ങുന്നത്.
വംശഹത്യ, ബലാത്സംഗം
1971 മാർച്ച് 25ന് പടിഞ്ഞാറേ പാകിസ്ഥാൻ അവരുടെ സംസ്ഥാനമായ കിഴക്കേ പാകിസ്ഥാനെതിരെ സ്വയംനിർണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് ബംഗ്ലാദേശിലെ വംശഹത്യയായി മാറിയത്. ഒൻപത് മാസം നീണ്ടുനിന്ന ഓപ്പറേഷൻ സേർച്ച് ലൈറ്റ് എന്നു പേരിട്ട ഈ സൈനിക നടപടിയിൽ പാകിസ്ഥാന്റെ സൈന്യവും അവരുടെ പിന്തുണയുള്ള അർദ്ധസൈനികരും കൃത്യമായ പദ്ധതിയോടെ 30 ലക്ഷത്തോളം ബംഗ്ളാദേശികളെ കൊല്ലുകയും രണ്ടുലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിൽ ബംഗ്ളാദേശി സ്ത്രീകളെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാകിസ്ഥാനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗ്ളാദേശികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഈ നരഹത്യകൾ പിന്നീടാണ് വംശഹത്യയാണെന്ന് അംഗീകരിക്കപ്പെട്ടത്.
ആന്റണിയുടെ നേർക്കാഴ്ചകൾ
പാക് പട്ടാളം ബംഗ്ളാദേശിൽ നടത്തിയ നരഹത്യയുടെ നേർകാഴ്ചകൾ ലോകത്തോട് ആദ്യമായി വിളിച്ചു പറയുന്നത് പാകിസ്ഥാനി പത്രപ്രവർത്തകനായ ആന്റണി മസ്‌കരേന്യസാണ്. കറാച്ചിയിലെ മോണിംഗ് ന്യൂസ് പത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന ആന്റണിയെ പാകിസ്ഥാൻ പട്ടാളം നേരിട്ട് ക്ഷണിച്ച് കൊണ്ടുപോയി തങ്ങളുടെ ഓപ്പറേഷൻ സെർച്ച് ലൈറ്റ് കാണിക്കുകയായിരുന്നു. അന്ന് ആ ക്രൂരമായ ഓപ്പറേഷൻ നേരിൽ കാണാനിടയായ ആന്റണി, കണ്ടതൊക്കെ എഴുതിവച്ചു. ചിലതൊക്കെ കാമറയിൽ പകർത്തി. ഈ ഡയറിക്കുറിപ്പുകളെയും ചിത്രങ്ങളെയും ആസ്പദമാക്കി ലോകത്തെ പിടിച്ചു കുലുക്കുന്ന ഒരു പതിനാറു കോളം ലേഖനം ആന്റണി എഴുതി. പാകിസ്ഥാൻ പട്ടാളത്തിന്റെ അന്നത്തെ ക്രൗര്യം നല്ലപോലെ അറിയാമായിരുന്ന അയാൾ, ആദ്യം തന്റെ കുടുംബത്തെയും, പിന്നീട് തന്നെത്തന്നേയും ബ്രിട്ടനിലേക്ക് പറിച്ചു നട്ടതിനു ശേഷം 1971 ജൂൺ 13 ന് യു.കെയിലെ സൺഡേ ടൈംസ് പത്രത്തിൽ തന്റെ ലേഖനം പ്രസിദ്ധപ്പെടുത്തി. അതുണ്ടാക്കിയ തുടർ ചലനങ്ങളാണ് വാസ്തവത്തിൽ അന്ന് ഇന്ത്യയുടേയും മറ്റു ലോകരാഷ്ട്രങ്ങളുടെയും നയതന്ത്രപരവും സൈനികവുമായ ഇടപെടലുകളിലേക്കും പിന്നീട് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്കും തന്നെ നയിച്ചത്.
'ഗ്രാമഗ്രാമാന്തരങ്ങളിൽ കയറിയിറങ്ങിയ പാകിസ്ഥാൻ പട്ടാളം ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വെടിവെച്ചും, തലയ്ക്കടിച്ചുമൊക്കെ കൊലപ്പെടുത്തി. മൃതദേഹങ്ങൾ വൈകിട്ട് കൂട്ടിയിട്ട് കത്തിച്ചു. രാത്രി മെസിൽ വരുന്ന ജവാന്മാർ തങ്ങൾ കൊലപ്പെടുത്തിയവരുടെ എണ്ണം പറഞ്ഞ് വീമ്പടിച്ചു. എല്ലാം പാകിസ്ഥാന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പവിത്രതയ്ക്കും വേണ്ടിയാണല്ലോ എന്ന സംതൃപ്തിയായിരുന്നു അവർക്ക്!
'ഇത് ശുദ്ധിക്കും അശുദ്ധിക്കും ഇടയിലെ യുദ്ധമാണ്. കീടങ്ങളെ തൂത്തു കളഞ്ഞ് നാട് വൃത്തിയാക്കേണ്ടതുണ്ട് ' എന്നായിരുന്നു മുതിർന്ന ഒരു പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞതെന്നും" ആന്റണി എഴുതി.
നിഷേധിച്ച് പാകിസ്ഥാൻ
1971ലെ യുദ്ധത്തിൽ വംശഹത്യ നടത്തിയതായ ആരോപണം പാകിസ്ഥാൻ തുടക്കം മുതലേ നിഷേധിക്കുകയാണ്. യുദ്ധത്തിനിടെ വംശഹത്യയുണ്ടായിട്ടില്ലെന്ന നിലപാടാണ് ദീർഘകാലമായി പാകിസ്ഥാന്റേത്.
യുദ്ധക്കുറ്റങ്ങളുടെ പേരിൽ അടുത്തിടെ ബംഗ്ലാദേശ് രണ്ടുപേരെ തൂക്കിലേറ്റിയതിനെതിരെ പാകിസ്ഥാൻ രംഗത്തുവന്നത് ബംഗ്ലാദേശിൽ പാക്‌വിരുദ്ധ വികാരം ആളിക്കത്താനിടയാക്കി. തുടർന്ന് പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധം അറിയിച്ചു.
യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഉയർന്ന വിവാദത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ബംഗ്ലാദേശിൽ ആവശ്യമുയർന്നു.
ഢാക്ക സർവകലാശാല പാകിസ്ഥാനുമായുള്ള വിദ്യാഭ്യാസബന്ധങ്ങൾ വിച്ഛേദിച്ചു.
ബംഗ്ലാദേശിലെ പത്രങ്ങൾ ഒന്നടങ്കം പാകിസ്ഥാനെ വിമർശിച്ചു. പാക്ബന്ധം പുനഃപരിശോധിക്കുമെന്ന് വിദേശകാര്യമന്ത്രി എ.എച്ച്. മഹ്മൂദ് അലി സൂചന നൽകി. അവരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് അന്നത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. യുദ്ധത്തിനിടെ പാകിസ്ഥാൻ 30 ലക്ഷം പേരെ കൂട്ടക്കൊലചെയ്തതായി ബംഗ്ലാദേശ് ആരോപിച്ചു. ഒരു കോടി പേർക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. രണ്ടുലക്ഷം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ബംഗ്ളാദേശ് വ്യക്തമാക്കി.