
തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌ത കടകംപളളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കനത്ത മഴയിൽ കുതിർന്നു. യോഗം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണെങ്കിലും തുറന്ന സ്‌റ്റേജ് ഒരുക്കിയ സംഘാടകരെ രൂക്ഷമായി വിമർശിച്ചു. കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിന് സമീപമായിരുന്നു തുറന്നവേദി ഒരുക്കിയത്.
വെളളിയാഴ്‌ച വൈകുന്നേരം ആറുമണിയോടെ പരിപാടി ആരംഭിച്ച് മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങവേയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. തൊപ്പിയും കുടയും ചൂടി മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയെങ്കിലും മഴ ശക്തമായതോടെ അതിന് തടസമായി. ഇതോടെയാണ് മുഖ്യമന്ത്രി തുറന്ന വേദി ഒരുക്കിയ സംഘാടകരെ വിമർശിച്ചത്.
ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പന്തലിട്ടിരുന്നതിന്റെ പ്രയോജനം അൽപം കഴിഞ്ഞ് ശക്തമായ മഴ വന്നപ്പോഴാണ് മനസിലായത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനം കുടയിലും കസേര മറയാക്കിയും പ്രസംഗം കേൾക്കാൻ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രി സംഘാടകരെ വിമർശിച്ചത്. മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രസംഗിക്കുന്നതിന് മുൻപുതന്നെ മുഖ്യമന്ത്രി മടങ്ങിപ്പോകുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ആദ്യഘട്ട ഇലക്ഷൻ പ്രചാരണത്തിന്റെ ഏറ്റവും അവസാനത്തെ പരിപാടിയായിരുന്നു ഇന്നലത്തേത്.