suez-canal-blocked

കെയ്‌റോ: സൂയസ് കനാലിലെ ഗതാഗത തടസം ഇന്ത്യന്‍ വ്യാപാരമേഖലയെ ബാധിച്ചു തുടങ്ങിതായി വ്യാപാര സംഘടനകള്‍. സൂയസ് പ്രശ്‌നത്തെ തുടര്‍ന്ന് ബാരലിന് 64 ഡോളറിനു മുകളിലേക്കു കയറിയ ക്രൂഡ് ഓയില്‍ വില ഇന്നലെ 61 ഡോളറിലേക്കു താഴ്ന്നിരുന്നു. എന്നാല്‍ കനാല്‍ ഉടനെ തുറക്കില്ലെന്നായതോടെ വില 62.64 ഡോളറിലേക്കുയര്‍ന്നു. ഇത് ഇന്ത്യയില്‍ എണ്ണവില ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം തന്നെ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നി സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത തുണികള്‍, മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍, യന്ത്രസാമഗ്രഹികള്‍, ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ എന്നിവ ഗതാഗത കൂരുക്കില്‍പെട്ടു കിടക്കുകയാണ്.

10 മുതല്‍ 15 ദിവസം വരെ ഈ തടസം തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അത് ഇന്ത്യന്‍ വ്യാപാരമേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും ഇത്തരത്തില്‍ പെട്ടുകിടക്കുന്നതിനാല്‍ വിലകയറ്റത്തിന് ഇടയാകുമെന്നും വിലയിരുത്തപ്പെടുന്നു. സൂയസിനു പകരം ആഫ്രിക്ക ചുറ്റിയുള്ള കപ്പല്‍യാത്രയ്ക്ക് അഞ്ചു ദിവസം അധികമായി വേണം. ഇത് ഷിപ്പിംഗ് കമ്പനികള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുമെന്നതിനാല്‍ അതിന് അവര്‍ മടിക്കുകയാണ്.

ഏകദേശം 185 കപ്പലുകളാണ് നിലവില്‍ യാത്ര തുടരാനാവാതെ നിര്‍ത്തിയിട്ടിരിക്കുന്നത്. 9600 കോടി യു.എസ്. ഡോളര്‍ മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു കുടിവെള്ള ടാങ്കറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഗതാഗതം വൈകുന്ന ഓരോ ദിവസവും നഷ്ടമുണ്ടാകുന്നത് ഏകദേശം 900 കോടി ഡോളര്‍ വീതമാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയാണ് സൂയസ് കനാല്‍. ഇവിടെ എവര്‍ ഗിവണ്‍ എന്ന ഭീമന്‍ ചരക്കുകപ്പല്‍ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയ്നറുകളില്‍ 30 ശതമാനവും കടന്നു പോകുന്നത് സൂയസിലൂടെയാണ്. ലോകത്തില്‍ ആകെ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളില്‍ 12 ശതമാനവും ഈ കനാലിലൂടെയാണ്.

കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പലിനെ ചലിപ്പിക്കാന്‍ 20,000 ക്യൂബിക് മീറ്റര്‍ മണല്‍ നീക്കേണ്ടി വരുമെന്നാണ് കനാല്‍ അധികൃതര്‍ പറയുന്നത്. കനാലിന് ഏകദേശം കുറുകെയാണ് കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ സമുദ്രപാതയിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് എവര്‍ ഗിവണ്‍ കനാലില്‍ കുടുങ്ങിയത്. അന്ന് തന്നെ ടഗ് ബോട്ടുകളുപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.

കപ്പലിന് ചുവടെ 15,000 -20,000 ക്യൂബിക് മീറ്റര്‍ അളവില്‍ മണലും ചെളിയും നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 12 മുതല്‍ 16 മീറ്റര്‍ വരെ ആഴത്തില്‍ മണല്‍ നീക്കിയാല്‍ കപ്പല്‍ ചലിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. സാധാരണ ഡ്രെജറുകള്‍ കൂടാതെ പ്രത്യേകസംവിധാനമുള്ള മണല്‍വാരിയന്ത്രവും എത്തിച്ചിട്ടുണ്ട്. ഈ ഡ്രെഡ്ജറിന് ഓരോ മണിക്കൂറിലും 2,000 ക്യുബിക് മീറ്ററോളം വസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് എവര്‍ ഗിവണ്‍ കപ്പലിന്റെ ടെക്‌നിക്കല്‍ മാനേജര്‍ ബെണ്‍ഹാര്‍ഡ് ഷൂല്‍റ്റ് പറഞ്ഞു. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വിസ്താരവുമുള്ള കപ്പലിനെ നീക്കുന്നത് ശ്രമകരമാണെന്ന് സൂയസ് കനാല്‍ അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ കനാല്‍ പൈലറ്റ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.