bengal-election

കൊൽക്കത്ത: ഒന്നാംഘട്ട പോളിംഗ് നടക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ കനത്ത പോളിംഗ്. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് മൂന്ന് മണിവരെ 56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ പോളിംഗിനെ തുടർന്ന് കനത്ത സംഘർഷമാണ് ഉണ്ടാകുന്നത്. നന്ദിഗ്രാമിൽ മമതയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവും മുൻ സഹപ്രവർത്തകനുമായ സുവേന്ദു അധികാരിയുടെ വാഹനം തൃണമൂൽ പ്രവർത്തകർ തകർത്തു. കാറിന്റെ ചില്ല് തകർ‌ത്ത് ഡ്രൈവറെ മർദ്ദിച്ചു. എന്നാൽ സുവേന്ദുവിന് പരിക്കില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സൗമേന്ദു അറിയിച്ചു.

അതേസമയം നന്ദിഗ്രാമിൽ സുമേന്ദുവിനെ പരാജയപ്പെടുത്താൻ തനിക്കൊപ്പം ചേരണമെന്നും തന്നെ സഹായിക്കണമെന്നും മമതാ ബാനർജി ഫോൺവിളിച്ച് ആവശ്യപ്പെട്ടതായി ബിജെപി നേതാവ് പ്രളയ് ലാൽ അഭിപ്രായപ്പെട്ടു. എന്നാൽ ഫോൺസംഭാഷണം വ്യാജമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ഒന്നാംഘട്ടത്തിലെ ശക്തമായ പോളിംഗ് മൂന്നാംവട്ട തുടർഭരണത്തിന് ശ്രമിക്കുന്ന മമതാ ബാനർജിയ്‌ക്ക് എതിരായ ജനവികാരമാകുമെന്ന് തൃണമൂൽ കോൺഗ്രസിന് ഭയമുണ്ട്. കനത്ത പോളിംഗ് ബിജെപിയ്‌ക്ക് നൽകിയിരിക്കുന്നത് വലിയ ആത്മവിശ്വാസമാണ്.

നന്ദിഗ്രാമിലും ഹൽഡിയിലും പൊലീസ് ഉദ്യോഗസ്ഥർ തൃണമൂലിന് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ചാന്ദിപൂരിലെ തൃണമൂൽ സ്ഥാനാർത്ഥിയായ നടൻ സോഹം ചക്രബൊർത്തി ഇവിഎം യന്ത്രങ്ങളിൽ തട്ടിപ്പ് നടക്കുന്നതായുംസോഹം പറഞ്ഞു.

വോട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ സംസ്ഥാനത്ത് ആക്രമ സംഭവങ്ങൾ തുടർച്ചയായി നടക്കുകയാണ്. പുരുലിയയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി വരികയായിരുന്ന ബസ് തീയിട്ടു. കിഴക്കൻ മിഡ്‌നാപൂരിൽ വെടിവയ്‌പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേ‌റ്റു. ഇവിടെ വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടായെന്ന പരാതിയെ തുടർന്ന് വോട്ടിംഗ് താൽക്കാലികമായി നിർത്തി.എല്ലാ വോട്ടും ബിജെപിയ്‌ക്ക് പോകുന്നതായായിരുന്നു പരാതി. പടിഞ്ഞാറൻ മിഡ്‌നാപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്നതായി ബിജെപി പരാതി നൽകി. ഇതിനിടെ ബെഗുംപൂരിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി.