
തിരുവനന്തപുരം: മലയാളികളുടെ മോഹക്കടലായ ബീമാപള്ളിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാലു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഗള്‍ഫില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള സാധനങ്ങള്‍ മിതമായ വിലക്ക് സ്വന്തമാക്കാം എന്നതായിരുന്ന ഗുണഭോക്താക്കളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന ചോക്ലേറ്റുകള്‍ മുതല്‍ എന്തും ഇവിടെ ലഭിക്കും. ഇവിടെ കിട്ടാത്ത സാധനങ്ങളോ സേവനങ്ങളോ കുറവാണ്. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ സാഹചര്യങ്ങള്‍ ആകെ മാറി.
കൊവിഡ് കാലത്ത് എട്ടുമാസക്കാലമാണ് കടകള്‍ അടഞ്ഞു കിടന്നത്. ഇതോടെ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകള്‍, ഡ്രൈഫ്രൂട്‌സ്, സ്‌പ്രേകള്‍ എന്നിവ എല്ലാം വള്ളത്തില്‍ കയറ്റി കടലില്‍ തള്ളേണ്ട ഗതികേടിലായിരുന്നു വ്യാപാരികൾ. തിരഞ്ഞെടുപ്പ് കാലത്തുപോലും തങ്ങളുടെ ദുരിതങ്ങള്‍ കേള്‍ക്കാന്‍ ആരും എത്തുന്നില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കൊവിഡിന് മുമ്പ് ദിവസം ഒരു കടയിൽ ശരാശരി 15000 രൂപയുടെ കച്ചവടമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1500 രൂപയുടെ കച്ചവടം മാത്രമാണുള്ളത്. വ്യാപാരമില്ലാത്ത കൊവിഡ് കാലത്ത് ജി.എസ്.ടി ഇനത്തില്‍ 50 ലക്ഷം രൂപ അടക്കേണ്ടി വന്നതായും അവര്‍ പറയുന്നു.
ഈ ദുരവസ്ഥയില്‍ നിന്നും ഇതുവരെയും കരകയറാന്‍ സാധിക്കാത്ത 250തോളം കച്ചവടക്കാരാണ് ബീമപള്ളിയുള്ളത്. കൊവിഡ് തകര്‍ത്തൊരു വ്യാപാരമേഖലയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിറയുന്നതും ഇതെല്ലാം തന്നെയാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വ്യാപാരത്തിലുണ്ടായ മുന്നേറ്റം തങ്ങളുടെ കച്ചവടത്തെ ബാധിച്ചുവെന്നു തന്നെയാണ് ഇവിടത്തെ വ്യാപാരികള്‍ വിശ്വാസിക്കുന്നത്. ഇനി ഒരു മടങ്ങിവരവ് എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ചും അവര്‍ വലിയ ധാരണയില്ല. നിലവിൽ സിഡി ഇറങ്ങിയ ചലച്ചിത്രങ്ങളുടെ പകർപ്പുകൾ ആവശ്യക്കാർക്ക് പെൻഡ്രൈവിൽ നൽകുന്ന കച്ചവടക്കാർക്ക് മാത്രമാണ് അൽപ്പമെങ്കിലും മെച്ചമുള്ളത്. 16 ജിബി പെൻഡ്രൈവ് കൊണ്ടുപോയാൻ 15 ചിത്രങ്ങൾ വരെ 300 രൂപക്ക് അവർ പകർത്തി നൽകും.