
കയ്റോ:ഈജിപ്റ്റിലെ രാജ്യാന്തര കപ്പൽ പാതയായ സൂയസ് കനാൽ കുടുങ്ങിയ ജാപ്പനീസ് കപ്പലായ എവർഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ കനാലിന്റെ തീരത്തെ 2000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കനാൽ അതോറിറ്റി. മണലിലേയ്ക്ക് ഇടിച്ചുകയറിയ കപ്പലിന്റെ മുൻ ഭാഗത്തുള്ള ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള മണൽ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ 12 മുതൽ 16 മീറ്റർ വരെ (39 മുതൽ 52 അടി വരെ) ആഴത്തിൽ എത്താൻ സാധിക്കുകയുള്ളൂ. അതായത് ഒരു ഒളിംപിക്സ് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തിലുള്ള പ്രദേശത്തെ മണൽ. ഇത് വിജയിച്ചാൽ കപ്പലിന് യാത്ര തുടരാം. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
വ്യവസായരംഗത്ത് പ്രതിസന്ധി
സൂയസ് വഴിയുള്ള ഗതാഗതം മുടങ്ങിയത് ആഗോള വ്യാപാര മേഖലയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4.4 ശതമാനവും ഇതു വഴിയാണ്.
ബദൽപാതയിൽ അപകടം
കാറുകൾ മുതൽ മൃഗങ്ങൾ വരെ സൂയസിന്റെ ഇരു ഭാഗത്തുമായി കാത്തുനിൽക്കുന്ന കപ്പലുകളിലുണ്ട്. ഗുഡ്ഹോപ്പ് മുനമ്പ് ചുറ്റി ആഫ്രിക്ക വഴി കപ്പലുകൾക്ക് യാത്ര തുടരാം. എന്നാൽ, ആ പാതയിലൂടെയുള്ള യാത്രയിൽ അപകടം പതിയിരിക്കുന്നുണ്ട്. കടൽകൊള്ളക്കാർ താവളമുറപ്പിച്ചിരിക്കുന്ന മേഖലകളിൽ കൂടിയാണ് കപ്പലുകൾ കടന്നു പോകേണ്ടത്. കഴിഞ്ഞ വർഷവും ഇവിടെ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ചുരുക്കത്തിൽ അത്ര എളുപ്പമല്ല മേഖലയിലൂടെയുള്ള കപ്പലുകളുടെ യാത്ര. ബദൽപാതയിലൂടെ യാത്ര ചെയ്യാൻ അമേരിക്കൻ നാവികസേനയുടെ സഹായം പല കപ്പലുകളും തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സഹായം തേടി കപ്പലുകൾ സമീപിച്ച വിവരം യു.എസ് നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ,ഇക്കാര്യത്തിൽ അമേരിക്ക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സുരക്ഷയ്ക്കായി യുദ്ധകപ്പൽ വേണമെന്നാണ് ഹോങ്കോംഗിൽ നിന്നുള്ള കപ്പലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കപ്പലുകളുടെ നീണ്ട നിര
നിലവിൽ കനാലിന്റെ തെക്ക്, വടക്ക് ഭാഗത്തായി ഇരുന്നൂറോളം ചരക്കു കപ്പലുകളാണ് കാത്തുകിടക്കുന്നത്. പ്രതിദിനം 60 കപ്പലുകൾ കനാലിലേയ്ക്ക് എത്തുന്നുമുണ്ട്. രണ്ടു ദിവസം കൂടി തടസം തുടർന്നാൽ ഏതാണ്ട് 350 കപ്പലുകളാവും കനാലിൽ കാത്തുകിടക്കേണ്ടിവരിക.