udayanidhi-stalin-

ചെന്നൈ: തമിഴ്നാട് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും യുവജനവിഭാഗം നേതാവും നടനും ചേപാക്കം നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ഉദയനിധി സ്റ്റാലിനെതിരെ 'ഇഷ്ടിക മോഷ്ടിച്ചെന്ന്' പരാതി.

കോവിൽപെട്ടി ബി.ജെ.പി നേതാവ് നീതിപാണ്ഡ്യനാണ് തൂത്തുക്കുടി വ്ലാത്തികുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. മധുര തോപ്പൂരിൽ കേന്ദ്രസർക്കാർ അനുവദിച്ച എയിംസ് ആശുപത്രിയുടെ ചുറ്റുമതിലിനകത്ത് അതിക്രമിച്ചുകടന്ന് ഇഷ്ടിക മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ലെന്ന് തെളിയിക്കാൻ സ്റ്റാലിൻ തന്റെ പ്രസംഗത്തിനിടെ എയിംസ് എന്നെഴുതിയ ഒരു ഇഷ്ടിക പ്രചാരണ യോഗങ്ങളിൽ ഉയർത്തിക്കാണിച്ചിരുന്ന. എയിംസിനുവേണ്ടി 2019 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്നാട് മുഖ്യമന്ത്രിയും ചേർന്നിട്ട ഇഷ്ടിക മാത്രമാണ് അവിടെയുള്ളതെന്നും താൻ അതിങ്ങെടുത്ത് കൊണ്ടുവന്നതാണെന്നും സ്റ്റാലിൻ പറയാറുണ്ട്.

2020 ഡിസംബറിൽ പണിത ചുറ്റുമതിൽ കടന്ന് ഇഷ്ടിക മോഷണം നടത്തുകയും അക്കാര്യം പൊതുയോഗങ്ങളിൽ സമ്മതിക്കുകയും ചെയ്യുന്നതിനാൽ അദ്ദേഹത്തിനെതിരെ ഐ.പി.സി 380 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നോട്ട് നിരോധനത്തക്കുറിച്ച് പറയുമ്പോൾ സ്റ്റാലിൻ 1000 രൂപയുടെ പഴയനോട്ടും ഉയർത്തിക്കാണിക്കാറുണ്ട്.

ഇതിനെതിരെ ആരെങ്കിലും പരാതിയുമായി പോകുമോ എന്ന ആശങ്കയിലാണ് ഡി.എം.കെ പ്രവർത്തകർ.