
നെടുമ്പാശേരി: വീടുകളിലെത്തി ശേഖരിക്കുന്ന തപാൽ വോട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചു.
കളമശ്ശേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയിൽ ഇന്നലെ രാവിലെ 11നാണ് സംഭവം. 80 കഴിഞ്ഞ മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. വോട്ട് ചെയ്ത് കവറുകളിലാക്കി ഒട്ടിച്ച് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കുമ്പോൾ ഇവ യാതൊരു സുരക്ഷയുമില്ലാത്ത സഞ്ചിയിൽ ശേഖരിക്കുകയായിരുന്നു.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ സീൽ വെച്ച പെട്ടിയിൽ ശേഖരിക്കുമെന്നാണ് അറിയിച്ചിരുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സഞ്ചിയിൽ ശേഖരിക്കുന്ന കവറുകളിൽ നിന്ന് വോട്ടുകൾ മാറ്റാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സുരക്ഷ ഉറപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ ചെങ്ങമനാട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വ്യക്തമാക്കിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിൻമാറി. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഷ്റഫ് മൂപ്പന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. ആ മേഖലയിലെ വോട്ടുശേഖരണം പൂർത്തിയായതിനാൽ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും മറ്റു സ്ഥലങ്ങളിൽ ചെയ്തതുപോലെയാണ് ഇവിടെയും വോട്ടുശേഖരിക്കുന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ജനവിധി അട്ടിമറിക്കാനുള്ള ഭരണപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ് വോട്ടു ചെയ്ത കവറുകൾ സഞ്ചിയിൽ ശേഖരിക്കുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ ആരോപിച്ചു. സീൽവച്ച പെട്ടിയിൽ കവറുകൾ പിന്നീട് നിക്ഷേപിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കവർ മാറ്റി വോട്ടു തന്നെ മാറ്റിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഒരു ബൂത്തിൽ 80 മുതൽ 200 വരെ വോട്ടുകൾ ഇത്തരത്തിൽ ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം തന്നെ അട്ടിമറിക്കാൻ ഇതിലൂടെ കഴിയുമെന്നും സുധീർ പറഞ്ഞു.