
വികസനമാണ് വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ വിജയമന്ത്രം. തിരുവനന്തപുരം മേയറായിരുന്ന കാലത്ത് നടത്തിയ വികസന, ക്ഷേമപ്രവർത്തനങ്ങളാണ് 2019 ഒക്ടോബറിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തുണയായത്. എംഎൽഎ സ്ഥാനത്തിരുന്നുകൊണ്ട് മണ്ഡലത്തിലെ ജനങ്ങൾക്കായി തന്റെ കഴിവിനൊത്ത് പ്രവർത്തിക്കാൻ സാധിച്ചു എന്ന ആത്‌മവിശ്വാസത്തോടെയാണ് അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. ഈ വേളയിൽ, ശബരിമല വിഷയം അടക്കമുള്ള കാര്യങ്ങളിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ ഉണ്ടായ ആരോപണങ്ങളിലുള്ള തന്റെ അഭിപ്രായം കൗമുദി ഓൺലൈനിനോട് വ്യക്തമാക്കുകയാണ് വികെ പ്രശാന്ത് എംഎൽഎ. ഒപ്പം, നേമം അടക്കമുള്ള മണ്ഡലങ്ങളിലെ എൽഡിഎഫിന്റെ വിജയസാദ്ധ്യതയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രവചിച്ച ഭൂരിപക്ഷം രണ്ടായിരത്തോളം വോട്ടുകളായിരുന്നു. എന്നാൽ അതിലും കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന തങ്ങളുടെ വാക്കുകൾ പിന്നീട് ശരിയായി വന്നു. താങ്കൾ പതിനായിരത്തോളം മാത്രം ഭൂരിപക്ഷം പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ്. ആ ആത്മവിശ്വാസത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണ്?
അത് കൂടിയിട്ടേയുള്ളൂ. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഈ പറഞ്ഞ രീതിയിൽ എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. അതിനെയെല്ലാം മറികടന്നിട്ടാണ് ഞങ്ങൾ ഒന്നാം സ്ഥാനത്തേക്ക് വരുന്നത്. ഏഴായിരത്തി അഞ്ഞൂറിനും പതിനയ്യായിരത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു അന്ന് മാദ്ധ്യമപ്രതിനിധികൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്. കൗണ്ടിങ്ങ് കഴിഞ്ഞപ്പോൾ പതിനാലായിരത്തി അറുനൂറ്റി അമ്പത് വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ലഭിച്ചത്. അത് വളരെ മികച്ച ഒരു ഭൂരിപക്ഷം തന്നെയാണ്.
മൂന്നാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്തേക്ക് വന്നു. മെച്ചപ്പെട്ട ഒരു ഭൂരിപക്ഷം ലഭിച്ചു. ഇത്തവണയും ഞങ്ങൾക്ക് ആ കോൺഫിഡൻസ് ഉണ്ട്. ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച് കുറച്ച് ദിവസമാണ് എംഎൽഎ സ്ഥാനത്ത് പ്രവർത്തിക്കാനുള്ള ഒരു അവസരം വട്ടിയൂർക്കാവിലെ ജനത നൽകിയത്. ആ അവസരം പ്രയോജനപ്പെടുത്തികൊണ്ട് പരമാവധി വികസനം ചെയ്യാനായി പരിശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിലെ ഒരാളായി നിന്ന് ഇടപെടലുകൾ നടത്താനായി ശ്രമിച്ചിട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും എംഎൽഎയുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ വേണ്ടി പ്രയത്നിച്ചു. അതുകൊണ്ടുതന്നെ ഈ ഭൂരിപക്ഷം ഇരട്ടിക്കുമെന്നാണ് എന്റെയൊരു വിലയിരുത്തൽ.
ഇരുപത്തിയയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് താങ്കൾ പറഞ്ഞതായി കണ്ടു?
അതെ. ഇരുപത്തിയയ്യായിരം... ഇരുപത്തിയയ്യായിരത്തിനും പതിനയ്യായിരത്തിലും ഇടയിൽ ഇത്തവണ ഭൂരിപക്ഷം ഉണ്ടാകും എന്നാണ് എന്റെ ആത്മവിശ്വാസം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഉന്നയിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഞാൻ അങ്ങനെ പറയാനുള്ള കാരണം. റോഡുകളുടെ അവസ്ഥ എടുക്കുകയാണെങ്കിൽ, നിരവധി റോഡുകൾ ടാർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വലിയ വികസന പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുടിവെള്ള പ്രശ്നത്തെ കുറിച്ച് നിരന്തരം പരാതികൾ ഉയർന്നിരുന്നു. അതിന് ഒരു പരിഹാരം കാണാൻ സാധിച്ചു.
അങ്ങനെ കുറച്ചധികം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ഇനിയും പരിഹരിക്കാനുണ്ട്. അപ്പോൾ...അത്തരം കാര്യങ്ങളിൽ ഒരു മുന്നോട്ട്പോക്ക് ഉണ്ടായിട്ടുണ്ട്. ജനങ്ങളിൽ വിശ്വാസം ജനിപ്പിക്കാൻ ഈ കുറഞ്ഞകാലം കൊണ്ട് സാധിച്ചു. ഞങ്ങളുടെ ഇപ്പോഴത്തെ മുദ്രാവാക്യം തന്നെ അത്തരത്തിലുള്ളതാണ്. 'വികസനം, വിശ്വാസം....(വികെപി)' എന്നുള്ള ടാഗ്‌ലൈനാണ് വട്ടിയൂർക്കാവിന് വേണ്ടി ഞങ്ങൾ തയ്യാറാക്കിയത്. കുറഞ്ഞ കാലം കൊണ്ട് വികസനം നടക്കുമെന്നുള്ള വിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതാണ് ആ ടാഗ്‌ലൈനിന് പിന്നിലെ അർത്ഥം. മതത്തിനും സമുദായത്തിനും രാഷ്ട്രീയത്തിനും അതീതമായ ഒരു വിധിയെഴുത്താണ് കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ ഉണ്ടായത്. അത് ഇത്തവണയും തുടരും. അതിനു മാറ്റം വരുത്തേണ്ട ഒരു സാഹചര്യം ഞങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഞാൻ വിലയിരുത്തുന്നത്.
നേമത്ത് ഇടതിന് അനുകൂലമല്ലാത്ത ഒരു സാഹചര്യം ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി അവിടേക്ക് എത്തിയിരിക്കുന്നത് കോൺഗ്രസിലെ പ്രമുഖനായ നേതാവായ കെ മുരളീധരനാണ്. എൽഡിഎഫിനെ സംബന്ധിച്ച് ഇത് അപ്രതീക്ഷിതമായിരുന്നു എന്നുവേണം കരുതാൻ. മുരളീധരന്റെ കടന്നുവരവ് ഇടതിന്റെ നേമത്തെ വിജയപ്രതീക്ഷയെ ബാധിച്ചിട്ടുണ്ടോ?
നേമത്തെ കാര്യം നമുക്ക് അറിയാവുന്നതാണ്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണല്ലോ കഴിഞ്ഞ തവണ ശിവൻകുട്ടി സഖാവ് അവിടെ തോൽക്കുന്നത്. കാരണം ജയിച്ചപ്പോൾ കിട്ടിയതിനേക്കാൾ വോട്ട് അദ്ദേഹം അവിടെ തോറ്റപ്പോൾ കിട്ടിയിരുന്നു. മറുഭാഗത്ത് കോൺഗ്രസിന്റെ വോട്ടിൽ വലിയ കുറവ് സംഭവിച്ചു. ഏകദേശം പന്ത്രണ്ടായിരത്തിന് താഴേക്ക് അത് വന്നു. അത്രയും വോട്ട് ബിജെപിക്ക് പോയതുകൊണ്ടാണ് അവർ ജയിച്ചത്. ഇത്തവണ അതങ്ങനെയല്ല. അവർ ശക്തനെ ഇറക്കുമെന്ന് പറഞ്ഞു. ഇപ്പോൾ മുരളീധരൻ വന്നിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ട് അവർ സമാഹരിക്കുകയാണെങ്കിൽ എൽഡിഎഫ് തന്നെ ജയിക്കും. അതാണ് ഞങ്ങളുടെ വിശ്വാസം.
നേമം മണ്ഡലത്തിൽ മുരളീധരൻ മത്സരിക്കാൻ വരുമ്പോൾ തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലേക്ക് അദ്ദേഹത്തിന്റെ സ്വാധീനം എത്തുമെന്നും അത് യുഡിഎഫിന് ഗുണകരമായി മാറുമെന്നും വിലയിരുത്തലുകളുണ്ട്. കേരളത്തിൽ ആകമാനം അത് യുഡിഎഫിന് ഗുണം ചെയ്യും എന്നും പറയപ്പെടുന്നു. അക്കാര്യത്തിൽ ആശങ്കയുണ്ടോ?
അത് അത്ര വലിയൊരു സംഗതിയായിട്ട് എനിക്ക് തോന്നുന്നില്ല. ശ്രീ കെ മുരളീധരന് അങ്ങനെ ഒരു ഇമ്പാക്ട് കേരളത്തിലെമ്പാടും ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറി ഇന്ന് വേറൊരു സാഹചര്യത്തിലേക്ക് വന്നുകഴിഞ്ഞു. ഇടതുപക്ഷ മുന്നണി അധികാരത്തിൽ തുടരണം എന്ന ഒരു ട്രെൻഡ് ഇപ്പോൾ കേരളത്തിലെ ജനങ്ങളിലേക്ക് വന്നിട്ടുണ്ട്. അത് ഒരുപക്ഷെ കേരളത്തിലെമ്പാടും വലിയ രീതിയിൽ സ്വാധീനമുണ്ടാക്കാൻ സാദ്ധ്യതയുള്ള ഒരു ട്രെൻഡാണ്. അതിനെ ഏതെങ്കിലും രീതിയിൽ മാറ്റാൻ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമോ? വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്ന നേതാവ് എന്ന നിലയിലുള്ള കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലല്ലോ?
യുഡിഎഫിന്റെ ശക്‌തൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്?
യുഡിഎഫിലെ ശക്തനായിരിക്കും. പക്ഷെ അദ്ദേഹം കേരളത്തിൽ ശക്തനാണോ എന്നുള്ള കാര്യം പരിശോധിക്കേണ്ടതുണ്ട്(ചിരിക്കുന്നു).
തിരഞ്ഞെടുപ്പടുത്ത സമയത്ത് ശബരിമല വിഷയം യുഡിഎഫും ഒപ്പം ബിജെപിയും ഉയർത്തിക്കൊണ്ട് വരുന്നുണ്ട്. അടുത്തിടെ ശബരിമലയുമായി ബന്ധപ്പെട്ട ഒരു പ്രചാരണ വീഡിയോ യുഡിഎഫ് പുറത്തിറക്കുകയും പിന്നീട് വിമർശനം വന്നപ്പോൾ അവർ അത് പിൻവലിക്കുകയും ചെയ്തിരുന്നു. താങ്കളുടെ സ്വദേശം കൂടിയായ കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇക്കാര്യം വലിയ പ്രചാരണായുധമാക്കി ഉയർത്തികൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ശബരിമല ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവുമൊക്കെ കൃത്യമായ നിലപാട് പറഞ്ഞുകഴിഞ്ഞു. ഈ ഇലക്ഷനിൽ ബിജെപിക്കും കോൺഗ്രസിനും വിവാദങ്ങൾ കൊണ്ടുവന്നേ മതിയാകൂ. കാരണമെന്താ? വികസനം പറയുന്നത് മറച്ചുവയ്ക്കണം. അവരുടെ പാർട്ടിക്കകത്തെ തമ്മിൽതല്ലുകൾ ജനങ്ങൾ അറിയാതിരിക്കണം. അത് മറച്ചുപിടിക്കാൻ വേണ്ടി ശബരിമലയുടെ കാര്യവും സ്വർണക്കടത്തുമെല്ലാം അവർ പറയും. ഇതിൽ ജനങ്ങളിപ്പോൾ വീഴില്ല എന്നുള്ളതാണ് ഞങ്ങളുടെ വിശ്വാസം. കാരണം അവർക്ക് കാര്യങ്ങൾ മനസിലായിക്കഴിഞ്ഞു.
ബിജെപി എപ്പോഴാണ് വിശ്വാസികൾക്കൊപ്പമുള്ളത്...കോൺഗ്രസ് ഏത് സമയത്താണ് വിശ്വാസികൾക്കൊപ്പം നിൽക്കുന്നത് എന്നെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. അവരുടെ(ബിജെപി) കൈയ്യിൽ അധികാരമിരുന്നിട്ടും കാര്യങ്ങൾ ചെയ്യുന്നില്ലല്ലോ? ഇത് ജനങ്ങൾക്ക് കൃത്യമായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് സുവർണാവസരം നോക്കി നിൽക്കുന്നതെന്ന് അവർക്ക് നന്നായി മനസ്സിലായിക്കഴിഞ്ഞു.
കാര്യങ്ങളുടെ കൃത്യമായ നിജസ്ഥിതി മനസിലാക്കിയ ജനങ്ങളാണ് ഇപ്പോൾ എൽഡിഎഫിനൊപ്പമുള്ളത്. എൽഡിഎഫിനെ സംബന്ധിച്ച്, ഞങ്ങൾ വിശ്വാസികളുടെയും അവിശ്വാസികളുടെയുമെല്ലാം താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ പാർട്ടിയിൽ ഒരുപാട് വിശ്വാസികളുണ്ട്. എല്ലാവരുടെയും താത്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കുന്നുണ്ട്. ആ താത്പര്യങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് ഞങ്ങളുടെ പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയുമൊക്കെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതായിരിക്കും എൽഡിഎഫിന്റെ നയം.
ശബരിമലയുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നിലപാടിൽ നിന്നും സിപിഎം ഇപ്പോൾ പിന്നോട്ട് പോകുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ വരുന്നുണ്ട്?
അങ്ങനെയൊരു മുൻ നിലപാടില്ല. കോടതിവിധി അനുസരിക്കേണ്ട പശ്ചാത്തലത്തിലാണ് അങ്ങനെയൊരു സാഹചര്യം രൂപപ്പെട്ട് വന്നത്. ഇപ്പോൾ അക്കാര്യം കോടതിയുടെ പരിഗണനയിലാണ്. ആ വിധിക്കനുസരിച്ച് ജനങ്ങളുമായോ അല്ലെങ്കിൽ ആ മേഖലയിലെ വിദഗ്ധരുമായോ കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോ. അക്കാര്യത്തിൽ എന്തെങ്കിലും പ്രശ്നമോ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്ലാരിറ്റി കുറവോ ഇല്ല. വളരെ വ്യക്തമായിട്ട് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ശബരിമലയുടെ കാര്യത്തിൽ മുന്നോട്ട് പോകും എന്നത് മാത്രമേയുള്ളൂ.
വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിയെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മണ്ഡലം പിടിച്ചെടുത്ത ആളാണ് വികെ പ്രശാന്ത്. കേരളത്തിലെ ബിജെപിയുടെ വളർച്ചയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിൽ ഇടതുപക്ഷം വളരെ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ ഉണ്ടായത് പോലെ ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ഇടതുപക്ഷം വളരെ സ്ട്രോങ്ങായി ഇടപെടലുകൾ നടത്തുന്നതുകൊണ്ടുതന്നെയാണ്. ഒരുപക്ഷെ കോൺഗ്രസ് പോലും സംരക്ഷിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ പരിരക്ഷയിലാണ് എന്ന് നമുക്ക് പറയേണ്ടിവരും. ആ നിലയിൽ ഇടതുപക്ഷം ശക്തമായി ബിജെപിയെ പ്രതിരോധിക്കുന്നുണ്ട്. അവരുടെ വർഗീയ നയങ്ങളെയും പണക്കൊഴുപ്പിനെയും ചെറുക്കുന്നുണ്ട്. അത് ഇനിയും ഞങ്ങൾ തുടർന്നുകൊണ്ട് പോകും.
ബിജെപിയെ വലിയൊരു ഭീഷണിയായൊന്നും ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ആശയങ്ങൾ കൃത്യമായി ജനങ്ങളുമായി സംവദിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ജനങ്ങൾക്ക് ഇപ്പോൾ കാര്യങ്ങൾ കുറേയധികം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന നയസമീപനങ്ങൾ ജനത്തിന് ഗുണകരമല്ലല്ലോ? അതേസമയം, ഈ നാട്ടിലെ ഒരു കുടുംബവും പട്ടിണി കിടക്കാതിരിക്കാനുള്ള നല്ല പരിശ്രമങ്ങൾ നടത്തി, ആ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. മറുഭാഗത്തേക്ക് നോക്കിയാൽ പെട്രോൾ/ഗ്യാസ് വില വർദ്ധിപ്പിക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങൾ ആരെയാണ് അനുകൂലിക്കുന്നത്? ഈ നയസമീപനങ്ങൾ തമ്മിലുള്ള അന്തരം കൃത്യമായി ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് ഞങ്ങൾ ബിജെപിയെ പ്രതിരോധിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം തങ്ങളുടെ അടിസ്ഥാന നയങ്ങളിൽ പോലും മാറ്റം വരുത്തുകയാണെന്നും അതിൽ വെള്ളം ചേർക്കുകയാണെന്നുമുള്ള ആരോപണം വരുന്നുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദൻ മാസ്റ്റർ ഈയടുത്ത് നടത്തിയ ഒരു പ്രസ്താവന ഇത്തരം വാദങ്ങൾക്ക് ബലം നൽകുന്നു എന്നാണ് ചർച്ചകൾ?
പാർട്ടിയുടെ ഉന്നതരായ നേതാക്കന്മാർ ഏതെങ്കിലും സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങൾ മാത്രം അടർത്തിയെടുത്ത്, അതിനെ ഉപയോഗിച്ച് വിവാദമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഗോവിന്ദൻ മാഷിന്റെ ആ പ്രസ്താവന മുഴുവൻ കേൾക്കുകയാണെങ്കിൽ ഒരു ക്ലാരിറ്റി കുറവും ഉണ്ടാകില്ല. അദ്ദേഹം പറഞ്ഞതിൽ നിന്നും ഒരു ഭാഗം മാത്രം എടുത്തുകൊണ്ട് വർത്തമാനം പറയുകയാണ്. മൂലധനത്തിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്ന് പറയുന്നുണ്ട്. അതിനെ തുടർന്ന് ബാക്കി ഒരുപാട് കാര്യങ്ങൾ അതിനകത്ത് പറയുന്നുണ്ട്. അതൊന്നും ആരും പറയുന്നില്ല.
ഇക്കാര്യം മാത്രം എടുത്തിട്ട് ഞങ്ങൾ മതവിരുദ്ധരാണെന്ന് ചിലർ പറയുകയാണ്. ഇതുപോലെ, അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്നും ഒരു ഭാഗമെടുത്ത് മൊത്തം കുഴപ്പമാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി അവർ പരിശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ മൊത്തത്തിലുള്ള അർത്ഥം കാണാതെ ഒരു ഭാഗം മാത്രം എടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് എനിക്ക് മനസിലായിട്ടുള്ളത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റ് കാര്യങ്ങൾ മറയ്ക്കുന്നതിന് വേണ്ടിയിട്ടാണ്. അത്തരത്തിൽ മാത്രമേ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ.
ചാനൽ സർവേകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഇടതുപക്ഷത്തെയാണ് സർവേകൾ പിന്തുണയ്ക്കുന്നതും. ഇത്തവണ എത്ര സീറ്റുകൾ നേടി അധികാരത്തിൽ വരും എന്നാണ് കരുതുന്നത്?
തീർച്ചയായും ഇത്തവണ മൂന്നക്കത്തിലേക്ക് ഞങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മിക്കവാറും ചാനലുകളെല്ലാം തന്നെ തുടർഭരണം ഉറപ്പാണ് എന്നത് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ ട്രെൻഡിനനുസരിച്ച് മുന്നോട്ട് പോകുകയാണെങ്കിൽ തീർച്ചയായും100 സീറ്റിനടുത്തേക്കോ അല്ലെങ്കിൽ അതിലും മുകളിലേക്കോ എത്തിച്ചേരാൻ എൽഡിഎഫിന് കഴിയും എന്നുള്ള കോൺഫിഡൻസ് ഞങ്ങൾക്കുണ്ട്. അതിന് സാധിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. യുഡിഎഫിലെ അനൈക്യം, ബിജെപിയിലെ തമ്മിൽതല്ല് തുടങ്ങിയ കാര്യങ്ങൾ എൽഡിഎഫിന് ഗുണകരമായ ഒരു അന്തരീക്ഷമാണ് കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. നൂറ് സീറ്റുകൾക്ക് മുകളിൽ പോകുമെന്ന് തന്നെയാണ് വിശ്വാസം.
തിരഞ്ഞെടുപ്പുകളിൽ ചെറുപ്പക്കാരെ എൽഡിഎഫ് കാര്യമായി പരിഗണിച്ചുതുടങ്ങുന്നത് വികെ പ്രശാന്തിലൂടെയാണ്. ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് വരുന്നതും പാർട്ടിയുടെ ഈ നിലപാടിന്റെ തുടർച്ചയായിട്ടാണ്. കോൺഗ്രസും ഒപ്പം ബിജെപിയും ഇപ്പോൾ ഇടതിന്റെ ഈ സ്ട്രാറ്റജി പ്രയോഗിച്ചുതുടങ്ങിയിട്ടുണ്ട്. എൽഡിഎഫ് തുടങ്ങിവച്ച മാതൃക വിജയമായെന്ന് പറയാമോ?
തീർച്ചയായിട്ടും. യുവാക്കൾക്ക് പരിഗണന നൽകുന്നതിലൂടെ അൽപ്പംകൂടി മുന്നേറ്റം ഉണ്ടാക്കാം എന്നുള്ള ചിന്ത ഇപ്പോൾ വന്നിട്ടുണ്ട്. അതിനു തുടക്കമിടാൻ കഴിഞ്ഞു എന്നുള്ളത് തീർച്ചയായും അഭിമാനവും സന്തോഷവും നൽകുന്ന ഒരു കാര്യമാണ്. ഞാനും പുതുമുഖമായിരിക്കെ തന്നെയാണ് എൽഡിഎഫ് എനിക്ക് നഗരസഭയുടെ ചുമതല നൽകുന്നത്. ഇടതുമുന്നണി അങ്ങനെയൊരു മനസ് കാണിച്ചതുകൊണ്ടാണ് അത്തരത്തിൽ ഒരു സ്ഥാനം ലഭിച്ചത്. അത് ആര്യയെ പോലെയുള്ള ആളുകൾക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിച്ചു എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. ആ ചിന്ത എല്ലാ പാർട്ടികളിലേക്കും വരുന്നു എന്നുള്ളതിലും സന്തോഷം തന്നെയാണുള്ളത്.
ചെറുപ്പക്കാർ വരുമ്പോൾ കുറച്ചുകൂടി എനർജെറ്റിക് ആയി കാര്യങ്ങൾ മുന്നോട്ട്കൊണ്ട് പോകാൻ കഴിയുന്നു. കുറച്ചുകൂടി കാര്യങ്ങളിൽ ഇൻവോൾവ് ചെയ്യാനായി കഴിയുന്നു. അത് വളരെ പോസിറ്റീവായ കാര്യമാണ്. എല്ലാ പാർട്ടികളും അത്തരത്തിൽ മുന്നോട്ട് പോകണം എന്നുള്ളത് തന്നെയാണ് അഭിപ്രായം. എന്നാൽ ചെറുപ്പക്കാർ മാത്രം പോരാ എന്നും ഞാൻ പറയുന്നു. അനുഭവജ്ഞാനമുള്ള ആളുകളും അവർക്കൊപ്പം ചെറുപ്പക്കാരും വരണം. ഇത്തരത്തിലെ കൃത്യമായ സമന്വയമാണ് ആവശ്യം.
എങ്കിൽ മാത്രമേ പാകപ്പിഴകൾ ഉണ്ടാകുമ്പോൾ പരസ്പരം ചർച്ച ചെയ്യാനും തിരുത്തലുകൾ വരുത്താനും സാധിക്കൂ. നഗരസഭയിലെ എന്റെ പരിശ്രമങ്ങൾ അങ്ങനെയായിരുന്നു. മേയറെന്ന നിലയിൽ അമിതമായി ഇടപെടലുകൾ നടത്താനോ ആലോചിക്കാതെ കാര്യങ്ങൾ ചെയ്യാനോ ഒന്നും ശ്രമിച്ചിട്ടില്ല. അവിടെയുള്ള സീനിയർ ആൾക്കാരോട് കാര്യങ്ങൾ സംസാരിച്ച് തീരുമാനങ്ങളിലേക്ക് എത്തുകയായിരുന്നു എന്റെ പതിവ്. അതാണ് കുഴപ്പങ്ങളിൽ ചാടാതെ മുന്നോട്ട് പോകാൻ എന്നെ സഹായിച്ചിട്ടുള്ളത്. മുതിർന്നവരും ചെറുപ്പക്കാരും സ്ത്രീകളും എല്ലാവരും ഒത്തുചേരേണ്ടതുണ്ട്. അതിനു വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത് എന്നും ഞാൻ വിചാരിക്കുന്നു.
ഇതോടൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം തിരഞ്ഞെടുപ്പ് രംഗത്തെ സ്ത്രീ പ്രതിനിധ്യത്തെക്കുറിച്ചാണ്. യുഡിഎഫിലേക്ക് നോക്കുകയാണെങ്കിൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷ് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തല മുണ്ഡനം ചെയ്തത് നമ്മൾ കണ്ടു. എൽഡിഎഫിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് മന്ത്രി കെകെ ശൈലജ ടീച്ചറും അത്ര അനുകൂലമായൊരു രീതിയിലല്ല പ്രതികരിച്ചത്. ഇടത് പാർട്ടികൾ പോലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ മന്ത്രി തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു?
സ്ത്രീകൾക്ക് കുറച്ചുകൂടി ഉന്നതമായ പദവികൾ നൽകണമെന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. എൽഡിഎഫ് അക്കാര്യത്തിൽ കുറച്ചൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണമെന്നത് എൽഡിഎഫ് കൊണ്ടുവന്ന നയമാണ്. അത് വളരെ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ പല പ്രമുഖ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് വനിതകളാണല്ലോ. മെമ്പർമാരുടെ പകുതിയും വനിതകളാണ്. നിയമസഭയിലും കാലാകാലങ്ങളിൽ എൽഡിഎഫ് സ്ത്രീകൾക്ക് നല്ല പ്രാതിനിധ്യം നൽകാറുണ്ട്. പക്ഷെ അതിനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. കുറഞ്ഞത് 33 ശതമാനം വനിതാ പ്രാതിനിധ്യമെങ്കിലും നൽകേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങൾ ഭാവിയിൽ എൽഡിഎഫ് നടത്തും എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്.
മേയറായിരുന്ന കാലത്ത് എപ്പോഴും കൃത്യമായിട്ടുള്ള പ്ലാനുമായി നീങ്ങിയ ആളാണ് വികെ പ്രശാന്ത്. റിവ്യൂ മീറ്റിംഗുകൾ നടത്തി, വിദഗ്ധരുടെ ഉപദേശങ്ങൾ തേടി, എല്ലാവരെകൊണ്ടും അവരുടെ ജോലികൾ കൃത്യമായി ചെയ്യിപ്പിച്ച് നഗരസഭാ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ഇതേ രീതി തന്നെയാണോ വട്ടിയൂർക്കാവിൽ എംഎൽഎയായപ്പോഴുള്ള വിജയങ്ങൾക്കും കാരണമായത്?
തീർച്ചയായിട്ടും. എന്നോട് മുൻപത്തെ ചീഫ് സെക്രട്ടറി പറഞ്ഞൊരു കാര്യമുണ്ട്. എത്രത്തോളം മീറ്റിംഗുകൾ നടത്താമോ അത്രത്തോളം പ്രോഗ്രസ് ഉണ്ടാകും എന്നതാണത്. അത് ശരിയാണെന്ന് എന്റെ അനുഭവത്തിൽ നിന്നും ബോദ്ധ്യമായിട്ടുണ്ട്. ഒരു പദ്ധതി പ്ലാൻ ചെയ്യുമ്പോൾ മീറ്റിംഗ് വിളിച്ചുകഴിഞ്ഞാൽ ഒന്നുരണ്ടാഴ്ച അത് ഫാസ്റ്റായി മുന്നോട്ട് പോകും. പിന്നീട് അത് സ്ലോ ഡൗൺ ആകും. അപ്പൊ വീണ്ടും മീറ്റിംഗ് വിളിക്കണം. ഈ ഒരു അപ്പ്രോച്ച് തന്നെയാണ് ഞാൻ ഇപ്പോഴും പിന്തുടരുന്നത്. എല്ലാ മാസവും കൃത്യമായി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. 106 റോഡുകളാണ് നമ്മൾ നന്നാക്കിയത്. ഇത്രയും ജോലികൾ കാര്യക്ഷമമായി നടക്കണമെങ്കിൽ അതിന്റെയെല്ലാം പുറകിൽ നമ്മുടെ കൃത്യമായ ഇടപെടൽ വേണം.
അത് കാര്യമായിത്തന്നെ ഉണ്ടായിരുന്നു. പൈപ്പ് പൊട്ടൽ, റോഡ് വെട്ടിക്കുഴിക്കൽ, എന്നീ പ്രശ്നങ്ങൾ രൂക്ഷമായി നിലനിൽക്കുന്ന ഒരു ഏരിയ ആണ് നമ്മുടേത്. അത് പരിഹരിക്കുന്നതിനായി വാട്ടർ അതോറിറ്റി, പി ഡബ്‌ള്യു ഡി, ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഞാൻ എല്ലാ മാസവും വിളിച്ചുചേർക്കാറുണ്ട്. റിവ്യൂ മീറ്റിംഗുകൾ ദിനംപ്രതി കൂട്ടിക്കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഒരു ഏകോപനം ഉറപ്പുവരുത്താനാണ് ഉദ്ദേശിക്കുന്നത്. പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും ടാർ ചെയ്യുക...പിന്നെയും വെട്ടിപൊളിക്കുക എന്ന പ്രവണത കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോൾ ഞങ്ങൾ നടത്തുന്നുണ്ട്.
അത് വലിയ തോതിൽ സക്സസ് ആയിട്ടുണ്ടെന്നാണ് മനസിലാകുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുമുള്ള ഒരുദ്ദാഹരണം പറയുകയാണെങ്കിൽ, പൈപ്പിൻമൂട്-ശാസ്തമംഗലം റോഡിന്റെ പകുതി ടാർ ചെയ്യാതെ ബാക്കി കിടക്കുന്നുണ്ട്. നിങ്ങൾ എല്ലാ റോഡുകളും ടാർ ചെയ്തപ്പോൾ ഇവിടെ അത് ചെയ്യാത്തതെന്ത് എന്ന് ചില സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്. ടാർ ചെയ്യാത്തത് അവിടെ പൈപ്പിടാൻ ഉള്ളതുകൊണ്ടാണ്. അങ്ങനെ എല്ലാം ഏകോപിപ്പിച്ച് കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. പൈപ്പിടാനുണ്ടെങ്കിൽ ആ ജോലി പൂർത്തിയായതിന് ശേഷം ടാർ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം. അങ്ങനെ ചെയ്യുന്നതിലൂടെ പബ്ലിക് മണി ലാഭിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സാധിക്കുന്നുണ്ട്.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെല്ലാം താങ്കൾ വളരെ ആക്റ്റീവ് ആണ്. ആ മേഖലയിലെ സ്ട്രാറ്റജികൾ എത്രത്തോളം വിജയകരമായിട്ടുണ്ട്?
അത് വളരെ വിജയകരമായാണ് ഞാൻ കൊണ്ടുപോകുന്നത്(ചിരി). നേരമ്പോക്കിനോ സുഹൃത്തുക്കളുമായി സല്ലപിക്കാനോ ആണ് സോഷ്യൽ മീഡിയയിൽ ആൾക്കാർ സജീവമാകുന്നത് എന്ന ധാരണയാണ് പൊതുസമൂഹത്തിനുള്ളത്. അത് അങ്ങനെയല്ല എന്ന് തെളിയിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഞാൻ മേയറായിരിക്കുന്ന സമയത്താണ് പ്രളയവും മറ്റും വരുന്നത്. ആ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലുള്ള ചെറുപ്പക്കാരെ അതിൽ ഇൻവോൾവ് ചെയ്യിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അവർക്കൊരു പുതിയ ദിശാബോധം നൽകാൻ കഴിഞ്ഞു. ആയിരക്കണക്കിന് ചെറുപ്പക്കാരാണ് പ്രളയസമയത്ത് നഗരസഭയിലേക്ക് ഒഴുകിയെത്തിയത്.
അത് തിരുവനന്തപുരത്തുകാർ മാത്രമായിരുന്നില്ല. കേരളത്തിലെമ്പാടുമുള്ള ചെറുപ്പക്കാർ അക്കൂട്ടത്തിലുണ്ടായിരുന്നു. വോളന്റിയർമാരെ വേണമെന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അവർ ചില കാര്യങ്ങൾ ചെയ്യണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു.
പ്രളയ സാഹചര്യത്തിൽ ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ച് നൽകാൻ ഞങ്ങൾ അവരോടു അഭ്യർത്ഥിച്ചു. ഞങ്ങളുടെ നിർദ്ദേശങ്ങളെല്ലാം കൃത്യമായി ഫോളോ ചെയ്യാനും അവർ തയ്യാറായി. സാമൂഹികപരമായി അവർക്ക് ഒരുത്തരവാദിത്തം നൽകാൻ സാധിച്ചു എന്ന നേട്ടവും ഞങ്ങൾ ഇതിൽ കാണുന്നു. അതേറ്റെടുക്കാൻ അവർ തയ്യാറായി. അതിലൂടെ സോഷ്യൽ മീഡിയയെ പോസിറ്റീവായും ഗുണപരമായും ഉപയോഗിക്കാൻ സാധിക്കും എന്ന് ഞങ്ങൾ തെളിയിച്ചു. അങ്ങനെയാണ് ഞാൻ അതിനെ പ്രയോജനപ്പെടുത്തുന്നത്. അങ്ങനെയും ഒരു വശം സോഷ്യൽ മീഡിയയ്ക്ക് ഉണ്ട് എന്ന് നമുക്ക് കാണാം. ഇപ്പോഴും അതിനെ ആ നിലയിൽ തന്നെയാണ് ഉപയോഗിക്കുന്നത്.
'ഇരുതലവാൾ' എന്നാണ് സോഷ്യൽ മീഡിയയെ പൊതുവെ വിളിക്കാറ്. പേരും പ്രശസ്തിയും നേടിത്തരുമ്പോൾ തന്നെ രൂക്ഷവിമർശനവും സൈബർ അറ്റാക്കുകളും പരിഹാസവും അതുപയോഗിക്കുന്നവരെ തേടിയെത്താറുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് താങ്കളിട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിനോട് അത്തരത്തിലുള്ള ഒരു പ്രതികരണം വന്നിരുന്നു. സോഷ്യൽ മീഡിയയിലെ ഇത്തരം വിമർശനങ്ങളെ എങ്ങനെ നേരിടും?
നമ്മളെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും ധാരാളമായി വരുന്നുണ്ട്. നമ്മൾ അതെല്ലാം ആസ്വദിക്കും. അങ്ങനെയിരിക്കുമ്പോ ഇടയ്ക്ക് ഒരു വിമർശനം വന്നാൽ വലുതായി വിഷമിക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ ഉൾക്കൊണ്ടുകൊണ്ട് തിരുത്തലുകൾ വരുത്തേണ്ട ആവശ്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ലൈഫിന്റെ കാര്യം പറഞ്ഞല്ലോ. അത്തരം ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്ക് ചില അബദ്ധങ്ങളൊക്കെ പറ്റാറുണ്ടല്ലോ. അതിനെ മറ്റുള്ള ആൾക്കാർ എടുത്ത് ആഘോഷിക്കാറുമുണ്ട്.
പക്ഷെ, എന്റെ അനുഭവത്തിൽ കൂടുതൽ പേരും അനുകൂലിക്കുന്നതാണ് കാണാറുള്ളത്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇതര രാഷ്ട്രീയ ഗ്രൂപ്പുകളിൽ നിന്നുമുള്ള ചില ആൾക്കാർ വന്ന് വിമർശനങ്ങൾ നടത്തുകയും അറ്റാക്ക് പോലുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യും. അങ്ങനെ ഒന്നുരണ്ട് സന്ദർഭങ്ങളിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ബാക്കി ഭൂരിഭാഗം പോസ്റ്റുകളിലും വളരെ പോസിറ്റീവായിട്ടുള്ള കമന്റുകളും നിർദ്ദേശങ്ങളുമാണ് ഉണ്ടാകുക. അതാണ് ഞാൻ ഇക്കാര്യത്തിൽ കാണുന്ന ഒരു പ്രത്യേകത. കുറച്ചുകൂടി ക്രിയേറ്റീവായി ഇടപെടലുകൾ നടത്താൻ ചെറുപ്പക്കാർ തയ്യാറാകുന്നുണ്ട്. അതൊരു മാറ്റം തന്നെയാണ്. വിമർശനങ്ങൾ വരുമ്പോൾ അവ ഉൾക്കൊള്ളേണ്ടതാണെങ്കിൽ ഉൾക്കൊള്ളും. തിരുത്തും. അത്രയേയുള്ളൂ.
പെട്ടെന്ന് മനസ്സിൽ വരുന്ന ഒരു സംഭവം സീബ്രാ ലൈൻ വരച്ചതുമായി ബന്ധപ്പെട്ടുള്ള ഒരു ട്രോളാണ്(ചിരി). ആ പ്രദേശത്തെ ജനങ്ങൾ വളരെ നാളുകളായി ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു റോഡിൽ സീബ്രാ ലൈൻ വരയ്ക്കുക എന്നത്. എംഎൽഎ എന്ന നിലയിൽ ഇടപെട്ട് അക്കാര്യം പൂർത്തിയാക്കുകയും ചെയ്തു. അതിലുള്ള സന്തോഷം കൊണ്ട് അവർതന്നെ ഒരു ബോർഡടിച്ച് അവിടെ സ്ഥാപിച്ചു. അതിനെയാണ് എടുത്ത് ട്രോളിലൂടെ വിമർശനവിധേയമാക്കിയത്. അതിനെന്താ? നല്ലതുതന്നെ. അതിനെയും ഞങ്ങൾ പോസിറ്റീവായി തന്നെയാണ് എടുത്തത്. അതിനെ സംബന്ധിച്ച് അത്രയയേ പറയാനുള്ളൂ.