
മഞ്ചേരി: ബാറിലും പൊലീസുകാർക്കുനേരെയും അക്രമം നടത്തിയ പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം സ്വദേശി കെ. സാബിത്ത് (34), പൂക്കോട്ടുംപാടം പള്ളിക്കുന്ന് ഉബൈദ് (32), മഞ്ചേരി വായ്പ്പാറപ്പടി അരുൺ (28), മഞ്ചേരി തുറയ്ക്കൽ സ്വദേശി ഒറവമ്പ്രം ഷഹീൻ ഷാ (26), പൂക്കോട്ടുംപാടം സ്വദേശി സുഹൈർ (26) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മഞ്ചേരി മലബാർ ഹെറിറ്റേജ് ബാറിൽ പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തെന്നാണ് കേസ്.
രാത്രി എട്ടോടെ ബാറിലെത്തിയ പ്രതികൾ മദ്യപിച്ച് ബാർ ജീവനക്കാരുമായി തർക്കമുണ്ടാവുകയും ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് ബാറിൽ പരക്കെ അക്രമം അഴിച്ചുവിട്ട പ്രതികൾ ഫർണിച്ചറും മറ്റും നശിപ്പിച്ചു. വിവരം കിട്ടി സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും പ്രതികൾ ആക്രമിച്ചു. പ്രതികൾ പൊലീസ് വാഹനത്തിന്റെ കണ്ണാടി അടിച്ച് തകർത്തു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഉൾപ്പെടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.