surendran

നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിലെ ' രണ്ട് മുന്നണി ' രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും,ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറുമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നു. " കേരളത്തിന്റെ വികസനത്തിന് നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന ആരുമായും സഹകരിക്കും.അക്കാര്യത്തിൽ മുസ്ലിം ലീഗിനോടെന്നല്ല , ആരോടും അയിത്തമില്ല." കേരളകൗമുദിയുമായി സംസാരിക്കവേ സുരേന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ആരോടും തൊട്ടുകൂടായ്മയില്ല. രാജ്യവ്യാപകമായി തകരുന്നതുപോലെ കേരളത്തിലും കോൺഗ്രസ് തകരും. എൻ.ഡി.എ. ഈ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയാകുമെന്നും, ലൗ ജിഹാദിനെ എതിർക്കുന്നത് മിശ്രവിവാഹത്തെ എതിർക്കലല്ലെന്നും അദ്ദേഹം വിശദീകരിച്ചു.ഹെലിക്കോപ്റ്ററിൽ സഞ്ചരിക്കുന്നത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിന്റ ഭാഗമായാണ്.അല്ലാതെ ആഡംബരമല്ല.രാഹുൽഗാന്ധിയും മുഖ്യമന്ത്രിയും ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്-

താങ്കളുടെ പ്രവർത്തന മികവിന് പാർട്ടി നേതൃത്വം നൽകിയ അംഗീകാരമാണോ ഇരട്ട സ്ഥാനാർത്ഥിത്വം?

സംസ്ഥാന അദ്ധ്യക്ഷൻ രണ്ടിടത്ത് മത്സരിക്കുന്നതിലൂടെ പാർട്ടിയുടെ സന്ദേശം കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനും, ജയിച്ച് ലക്ഷ്യത്തിലെത്താനും സഹായകമാണെന്നതിനാലാണ് പാർട്ടി അങ്ങനെ തീരുമാനമെടുക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട് താങ്കളുടെ പേരിലുള്ള കേസുകൾ പിൻവലിച്ചോ?

ഒന്നും പിൻവലിച്ചിട്ടില്ല.ഇരുന്നൂറിലധികം കേസുകളുടെ അഫഡവിറ്റ് ഞാൻ കൊടുത്തിരിക്കുകയാണ്.പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ ഇരട്ടത്താപ്പ് കാട്ടുകയാണ്.ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നടത്തിയ സമരത്തിൽ ഞാനാദ്യം അറസ്റ്റിലാകുന്നത് കോന്നി മണ്ഡലത്തിലെ ചിറ്റാർ പൊലീസ് സ്റ്റേഷനിലായിരുന്നു.അതൊന്നും ജനങ്ങൾ മറന്നിട്ടില്ല.

ബി.ജെ.പി വോട്ടുകൾ മറിച്ചുകൊടുക്കുമെന്നു പറഞ്ഞ് എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം പഴിചാരുന്നു?

രണ്ടുപേരും ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രം പയറ്റുകയാണ്.കേരളത്തിലെ ന്യൂനപക്ഷങ്ങൾ അത്ര വിഡ്ഢികളൊന്നുമല്ല.ഒരുകൂട്ടർ പറയുന്നു ബി.ജെ.പി യു.ഡി.എഫിനാണ് വോട്ട് കൊടുക്കാൻ പോകുന്നതെന്ന്. മറുകൂട്ടർ പറയുന്നു എൽ.ഡി.എഫിനാണെന്ന്.അതിൽ നിന്നു തന്നെ സത്യം മനസിലാകും. എന്തായാലും ബി.ജെ.പിയാണ് ഈ തിരഞ്ഞെടുപ്പിലെ

പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.

കേരളത്തിൽ കോൺഗ്രസ് ജയിച്ചാൽ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ആരോപിച്ചു?

തൊട്ടടുത്ത ദിവസം വരെ സി.പിഎമ്മുകാരായിരുന്ന എട്ടുപേർ ബി.ജെ.പിയുടെയും രണ്ടുപേർ എൻ.ഡി.എ ഘടകകക്ഷികളുടെയും സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് കേരളത്തിലാണ്.സി.പിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത് അവരുടെ ശക്തികേന്ദ്രങ്ങളിൽ പല മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ബി.ജെ.പി കടന്നുകയറിയെന്നാണ്.

ജയിച്ചുവരുന്ന എൽ.ഡി.എഫ് എം.എൽ.എമാരെയും ബി.ജെ.പി നോട്ടമിട്ടിട്ടുണ്ട്?

നോട്ടമിടുകയെന്നല്ല.കേരളത്തിന്റെ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്.നിർണായകകശക്തിയായി ഞങ്ങൾ വരുന്നതോടെ രണ്ട് മുന്നണികളിലും അന്തച്ഛിദ്രമുണ്ടാകും.

35 സീറ്റുകളിൽ ജയിച്ചാൽ ഭരണം പിടിക്കുമെന്ന് പറഞ്ഞത് വെറുതെയാണോ?

ആരെങ്കിലും അങ്ങനെ വെറുതെ പറയുമോ?എത്രയോ സംസ്ഥാനങ്ങളിൽ സംഭവിച്ചു.പുതുച്ചേരി ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ലേ.

മറ്റൊരു പാർട്ടിയിൽ നിന്ന് ജയിച്ചുവരുന്നവരെ ഒപ്പം കൂട്ടുന്നതിനെ ചാക്കിട്ടുപിടുത്തമായി വ്യാഖ്യാനിച്ചുകൂടെ?

അങ്ങനെയല്ല. സി.പി.എമ്മും കോൺഗ്രസും മാത്രമല്ല.മറ്റു കക്ഷികളും ഇവിടെയുണ്ട്. അസംതൃപ്തരായവർ. മറ്റ് വഴികളില്ലാത്തതിനാലാണ് അവർ ചാടാത്തത്.മൂന്നാമതൊരു കക്ഷിക്ക് നിർണായക സീറ്റുകൾ ലഭിച്ചാൽ അവർക്കൊക്കെ മാറ്റമുണ്ടാകും

തിരഞ്ഞെടുപ്പിനുശേഷം എൻ.ഡി.എ വികസിപ്പിച്ചേക്കും?

തീർച്ചയായും

അതിൽ ആർക്കെങ്കിലും അയിത്തമുണ്ടോ?മുസ്ലിം ലീഗിനടക്കം?

ഒരു കക്ഷിക്കും അയിത്തമില്ല.

ലീഗിനോടും?

രാഷ്ട്രീയത്തിൽ അങ്ങനെ അയിത്തമോ തൊട്ടുകൂടായ്മയോയില്ല.

കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടയ്ക്കിടെ നടത്തുന്ന വെളിപ്പെടുത്തലുകൾ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് സി.പി.എം പറയുന്നു?

അന്വേഷണ ഏജൻസികൾക്ക് സമയവും സാവകാശവും വേണം.മൊഴികൾ വെറുതെ കൊടുത്താൽ പോര.കോൺഗ്രസ് ആഗ്രഹിക്കുന്നതുപോലെ ഏപ്രിൽ ആറിനു മുമ്പ് എല്ലാം തീർക്കണമെന്ന് പറഞ്ഞാൽ നടക്കുമോ?അന്വേഷണ ഏജൻസികൾക്കുമേൽ ഞങ്ങൾക്ക് നിയന്ത്രണമില്ല. ആർക്കും സ്വാധീനമില്ല.

കേരളത്തിൽ എൽഡി.എഫിന്റെ ഭരണത്തുടർച്ച ആഗ്രഹിക്കുന്നത് ബി.ജെ.പി മാത്രമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു?

സ്വയം പരാജയപ്പെടുമെന്നറിഞ്ഞ് കാരണങ്ങൾ കണ്ടുപിടിക്കുകയാണ്.യു.ഡി.എഫിന്റെ തകർച്ചയ്ക്ക് ബി.ജെ.പിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.രാഹുൽഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നവർ കേരളത്തിൽ കുറച്ചുപേർ മാത്രമാണ്. അതും ഇപ്പോൾ പോകും.കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ല.

കോൺഗ്രസ് പരാജയപ്പെടുമെന്നാണോ ബി.ജെ.പിയുടെ വിലയിരുത്തൽ?

ഞങ്ങൾ ഒന്നും പറയുന്നില്ല. കോൺഗ്രസ് രാജ്യത്താകെ നേരിടുന്ന തകർച്ച കേരളത്തിൽ മാത്രമായി മാറുമോ?ഞങ്ങൾ അധികാരത്തിൽ വരാനാണ് ശ്രമിക്കുന്നത്.

ശോഭാ സുരേന്ദ്രനു വേണ്ടി പ്രചാരണത്തിനു പോകുന്നുണ്ടോ?ശോഭ ജയിക്കുമോ?

ഒന്നാം തിയതി തിരുവനന്തപുരത്ത് പോകുന്നുണ്ട്. നൂറുശതമാനം ജയിക്കും .

( അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് ഞായർ രാത്രി 8 മണിക്ക് കൗമുദി ടിവി സംപ്രേഷണം ചെയ്യും )