
കറാച്ചി: പാകിസ്ഥാനിലെ പ്രസിദ്ധ എഴുത്തുകാരിയും നാടകകൃത്തുമായ ഹസീന മുഇൗൻ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ലാഹോറിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഹസീന കൊവിഡ് വാക്സിൻ എടുത്തിരുന്നു. ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയും നാടകങ്ങളിലൂടെയും ഇന്ത്യയിലും പാകിസ്ഥാനിലും പ്രശസ്തയാണ് മുഇൗൻ. 1941 നവംബർ 20ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ജനിച്ച അവർ വിഭജനത്തെ തുടർന്ന് പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ എത്തുകയായിരുന്നു. 1963ൽ കറാച്ചി യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രൈഡ് ഒഫ് പെർഫോമൻസ് അവാർഡിന് ലഭിച്ചു. രാജ്കപൂറിന്റെ 'ഹെന്ന'യടക്കം നിരവധി സിനിമകൾക്ക് സംഭാഷണം എഴുതിയിട്ടുണ്ട്. റേഡിയോ പാകിസ്ഥാനിൽ പ്രക്ഷേപണം ചെയ്ത 'സ്റ്റുഡിയോ നമ്പർ 9' എന്ന നാടകത്തിലൂടെയാണ് മുഇൗൻ ശ്രദ്ധേയയാകുന്നത്. സ്താനാർബുദം ബാധിച്ച മുഈൻ രോഗത്തെ അതിജീവിച്ചിരുന്നു. ഇത് സംബന്ധിച്ച് തയ്യാറാക്കിയ വെബ് സീരീസ് ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം.