
കാസർകോട്: മഞ്ചേശ്വരം മിയാപദവ് കളവയലിൽ പൊലീസിന് നേരെ വെടിയുയർത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ പിടിയിലായ 30 അംഗ ഗുണ്ടാസംഘത്തിന് അധോലോക നായകൻ രവി പൂജാരിയുമായി അടുത്ത ബന്ധം. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തലവൻ കാലിയ റഹീം, രവി പൂജാരിയുടെ സംഘാംഗമാണെന്നും പൊലീസ് സംശയിക്കുന്നു. കാലിയ റഫീഖുമായടക്കമുള്ള സംഘത്തെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയതായി കാസർകോട് ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു. കർണ്ണാടക പൊലീസ് ആറു പേരെയും കേരള പൊലീസ് മൂന്ന് പേരെയും മാത്രമാണ് സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ പിടികൂടിയിട്ടുള്ളത്. വിദേശ നിർമ്മിത തോക്ക് ഉൾപ്പെടെ അത്യാധുനിക അയുധ ശേഖരവും വൻ തോതിൽ മയക്കു മരുന്നും ഇവരുടെ കയ്യിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ ഇന്നലെ നടത്തിയ പരിശോധനയിൽ 110 കിലോ കഞ്ചാവും ആയുധങ്ങളും മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. മിയാപദവ് കുന്നിൻ മുകളിലുള്ള കാട്ടിൽ നിന്നാണ് കാറിൽ സൂക്ഷിച്ച കഞ്ചാവും 55 ഗ്രാം എം.ഡി.എം.എയും മാരകായുധങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തത്.
തോക്കുകൾ, തിര, കമ്പി വടികൾ, സൈക്കിൾ ചെയിൻ തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്ത കാറിലുണ്ടായിരുന്നു. മാഫിയാ തലവൻ റഹീമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. ഉപ്പള ഹിദായത്ത് നഗറിലെ ക്ലബ്ബിന് സമീപം ഗുണ്ടാ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ പൊലീസിന്റെ പരിശോധന നടന്നത്. ഗുണ്ടാ സംഘം നടത്തിയ വെടിവയ്പ്പിൽ പൊലീസ് വാഹനത്തിന് വെടിയേറ്റിരുന്നു.