sueyz-canal

കയ്റോ:അന്താരാഷ്ട്ര കപ്പൽ പാതയായ സൂയസ് കനാലിൽ ജാപ്പനീസ് ചരക്കുകപ്പൽ 'എവർ ഗിവൺ' കുടുങ്ങി ഗതാഗതം തടസപ്പെട്ടത് നേരിടാൻ ഇന്ത്യ നാലിന പദ്ധതി നിർദ്ദേശിച്ചു. കപ്പലുകൾ വഴിതിരിച്ചു വിടുക, നിലവിലെ ചരക്കുനീക്ക നിരക്ക് പാലിക്കുക, ചരക്കുകളുടെ മുൻഗണന നിശ്ചയിക്കുക, തുറമുഖങ്ങളിൽ സൗകര്യം വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് വാണിജ്യ മന്ത്രാലയത്തിന്റെ യോഗത്തിൽ അവതരിപ്പിച്ചത്.

പെട്ടെന്ന് നശിക്കുന്ന ചരക്കുകൾ മുൻഗണനാടിസ്ഥാനത്തിൽ എത്തിക്കാനുള്ള നടപടികൾ തീരുമാനിച്ചു. നിലവിലുള്ള നിരക്കുതന്നെ ഈടാക്കാൻ കണ്ടെയ്‌നർ ഷിപ്പിംഗ് ലൈസൻസ് അസോസിയേഷൻ സമ്മതിച്ചു. ഗതാഗത തടസം ഒഴിവാകുന്നതോടെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കിന്റെ തള്ളിക്കയറ്റം ഉണ്ടായേക്കാം. അതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഒഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകൾ തിരിച്ചുവിടുന്നതും പരിശോധിക്കും. ഇതുവഴിയുള്ള യാത്രയ്ക്ക് 15 ദിവസം അധികം വേണ്ടിവരും.

എവർഗിവൺ നീക്കൽ കഠിനം

എവർഗിവൺ ചരക്കു കപ്പലിനെ ചലിപ്പിക്കാൻ സൂയസ് കനാലിന്റെ തീരത്തെ 2000 ഘനമീറ്റർ മണൽ നീക്കണം. മണലിലേക്ക് ഇടിച്ചുകയറിയ കപ്പലിന്റെ മുൻ ഭാഗത്തിന് ചുറ്റുമുള്ള മണൽ നീക്കുന്നത് തുടരുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരാഴ്ച വേണ്ടിവരും.കനാലിൽ ഇരുന്നൂറോളം ചരക്കു കപ്പലുകളാണ് കാത്തുകിടക്കുന്നത്. പ്രതിദിനം 60 കപ്പലുകൾ കനാലിലേക്ക് എത്തുന്നുണ്ട്.