
രണ്ടുപേർ വെഞ്ഞാറമൂട് ഇരട്ട കൊലക്കേസിലും പ്രതികൾ
തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് കൊലക്കേസിലെ പ്രതികളും മാളിയേക്കൽ നൂറേക്കർ സ്വദേശികളുമായ ബിജു എന്ന ഉണ്ണി, സനൽ എന്ന സനൽ സിംഗ്, അപ്പി എന്ന മഹേഷ് എന്നിവരെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ 21 മാസം അധിക തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ അതിൽ നിന്ന് ഒന്നര ലക്ഷം രൂപ കൊല്ലപ്പെട്ട സജീവിന്റെ ബന്ധുക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നീസാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ ഉണ്ണിയും സനലും വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. പ്രതികളോട് കോടതി ശിക്ഷയെ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ കേസിനാസ്‌പദമായ സംഭവം നടക്കുമ്പോൾ തനിക്ക് 17 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് മൂന്നാം പ്രതി മഹേഷ് അറിയിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. 2008 ജനുവരി 13നായിരുന്നു സംഭവം. കൊല്ലപ്പെട്ട സജീവിന്റെ സമീപവാസിയായ പെൺകുട്ടിയുടെ ഒളിച്ചോട്ടത്തെക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട സജീവിന്റെ അനുജൻ സനോജ് പ്രതികളിലൊരാളായ സനലിനെ കളിയാക്കിയിരുന്നു. ഇത് ചോദിക്കാനെത്തിയ സനലും സംഘവും അവിടെയുണ്ടായിരുന്ന ജ്യേഷ്ഠൻ സജീവിനെ വടികൾകൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തടയാനെത്തിയ പിതാവ് ശശിയെയും സനോജിനെയും പ്രതികൾ മർദ്ദിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.