
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടാനുള്ള 2021-22ലെ ബഡ്‌ജറ്റ് ലക്ഷ്യം നേടാനാകുമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) മാത്രം ഒരുലക്ഷം കോടി രൂപയോളം ലഭിക്കും. ബി.പി.സി.എൽ സ്വകാര്യവത്കരണത്തിലൂടെ 75,000-80,000 കോടി രൂപയും പ്രതീക്ഷിക്കുന്നു.
പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവർഷം ലക്ഷ്യമിട്ട 2.10 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് 2021-22ലേക്കും നീട്ടിയത്. കൊവിഡ് മൂലമാണ് നടപ്പുവർഷത്തെ ലക്ഷ്യം അടുത്തവർഷത്തേക്ക് മാറ്റിയതും 1.75 ലക്ഷം കോടി രൂപയായി നിജപ്പെടുത്തിയതും. ബി.പി.സി.എല്ലിൽ സർക്കാരിനുള്ളത് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ്. ഇത് പൂർണമായും വിറ്റൊഴിയും. വേദാന്ത ഗ്രൂപ്പ്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ഐ സ്‌ക്വയേഡ് കാപ്പിറ്റൽ, അപ്പോളോ ഗ്ളോബൽ എന്നിവ ബി.പി.സി.എല്ലിനായി രംഗത്തുണ്ട്.
'ബിസിനസ് നടത്തുക സർക്കാരിന്റെ പണിയല്ല" എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തെയും സുബ്രഹ്മണ്യൻ പിന്തുണച്ചു. തന്ത്രപ്രധാന മേഖലകളിലൊഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിറ്റൊഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ബാങ്ക് സംഘടിപ്പിച്ച വിർച്വൽ യോഗത്തിൽ സംബന്ധിക്കുകയായിരുന്നു സുബ്രഹ്മണ്യൻ.
വളർച്ചാ പ്രതീക്ഷ 7-7.5%
ഇന്ത്യൻ ജി.ഡി.പി വളർച്ച വരുംവർഷങ്ങളിൽ 7-7.5 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്ന് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. 2021-22ൽ വളർച്ചാനിരക്ക് ഇരട്ടയക്കം കടക്കും. 2022-23ൽ 6-6.5 ശതമാനവും തുടർന്ന് 7-7.5 ശതമാനവും വളരും.
വേണം, കൂടുതൽ ബാങ്കുകൾ
രാജ്യത്ത് മികച്ച സാമ്പത്തിക അടിത്തറയുള്ള കൂടുതൽ ബാങ്കുകൾ വേണമെന്ന് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. ഇന്ത്യയുടെ മൂന്നിലൊന്ന് ജനസംഖ്യയുള്ള അമേരിക്കയിൽ 30,000ത്തോളം ബാങ്കുകളുണ്ട്. റിസർവ് ബാങ്കിന്റെ നാണയപ്പെരുപ്പ നിയന്ത്രണ നടപടികൾ സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരത ഒഴിവാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.