
കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദർശിക്കുന്നത് വോട്ടുപിടിക്കാനാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു
ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ മോദി ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച് സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മമത ആരോപിച്ചു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ ഒരു ബംഗ്ലാദേശി നടൻ പങ്കെടുത്തപ്പോൾ ബി..ജെ.പി ബംഗ്ലാദേശ് സർക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരുവിഭാഗം ജനങ്ങളുടെ വോട്ട് നേടാനായി മോദി ബംഗ്ലാദേശിൽ പോയി. എന്തുകൊണ്ടാണ് മോദിയുടെ വിസ റദ്ദാക്കാത്തതെന്നും മമത ചോദിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി .
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ മോദി ഒരകണ്ഡിയിലെ മതുവ വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേത്ര ദർശനം നടത്തിയതിനേയും മമത വിമർശിച്ചു. മതുവ വിഭാഗത്തിൽപ്പെട്ടവർ ബംഗാളിലും താമസിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇവരുടെ വോട്ട് നിർണായക ഘടകമാണ്.