
തൃക്കാക്കര: പതിമ്മൂന്നുകാരി വൈഗയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന്റെ കാർ കോയമ്പത്തൂരിലും കാമറയിൽ കുടുങ്ങി. കോയമ്പത്തൂർ - ഊട്ടി ദേശിയ പാതയിലെ കാമറയിൽ നിന്നാണ് ചിത്രം ലഭിച്ചത്.
വൈഗയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിലാണ് കണ്ടെത്തിയത്. സാനുവിന്റെ കെ.എൽ.7 സി.ക്യു.8571 ഫോക്സ് വാഗൺ കാർ വാളയാർ ചെക്ക് പോസ്റ്റ് കടന്നതായി കണ്ടെത്തിയിരുന്നു.
എസ്.ഐ റഫീക്കിന്റെ നേതൃത്വത്തിൽ നാലു പേരടങ്ങുന്ന സംഘം തമിഴ്നാട്ടിലെത്തി അവിടത്തെ പൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂരിലെ പ്രധാന റോഡുകളിലെ സി.സി.ടി.വികൾ പരിശോധിക്കുകയായിരുന്നു. പൂനെയിലടക്കം നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് സാനു.
 സ്ഥിരനിക്ഷേപം കള്ളം
ബാങ്കിൽ 40 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്ന സാനുവിന്റെ അവകാശവാദം കള്ളമാണെന്ന് പൊലീസ് വ്യക്തമാക്കി. കാത്തലിക്ക് സിറിയൻ ബാങ്ക് കങ്ങരപ്പടി, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കാക്കനാട് ശാഖകളിലാണ് സാനുവിന് അക്കൗണ്ടുകൾ. ഇവയിൽ ആയിരം രൂപ പോലും തികച്ചില്ലായിരുന്നു.
സ്വർണപ്പണയം
അടുത്തകാലത്തായി സാനു സ്വകാര്യ ബാങ്കുകളിലായി വൻതുകയുടെ സ്വർണം പണയം വച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഇത് ഭാര്യയുടെതാണോ സുഹൃത്തുക്കളുടെതാണോ എന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
തൃക്കാക്കരയിൽ താമസിച്ചിരുന്ന ഫ്ളാറ്റിലെ അഞ്ചുപേരുൾപ്പെടെ പതിനഞ്ചോളം പേരിൽ നിന്ന് വലിയ സാനു കടം വാങ്ങിയിട്ടുമുണ്ട്.