sobha-surendran

തിരുവനന്തപുരം: ബി.ജെ.പിയിൽ ആർക്കും വേണ്ടാത്ത നേതാവാണ് താനെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ ആക്ഷേപത്തിന് മറുപടി നൽകി ശോഭാ സുരേന്ദ്രൻ. പിതാവിന്റെ മേൽവിലാസത്തിൽ മാത്രം വളർന്നുവന്ന ഒരു മകൻ എനിക്ക് വിലയിടാൻ നിൽക്കേണ്ട. സ്വന്തം പാർട്ടിക്കാരോട് "എനിക്ക് മെമ്പർഷിപ്പ് തരുമോ' എന്ന് ചോദിച്ച് പിറകെ നടന്ന മുരളീധരന്റെ ഗതികേട് ഒന്നും എന്തായാലും തനിക്ക് വന്നിട്ടില്ലെന്നും ശോഭ ഒരു മാ​ഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ അതികായനായ കെ. കരുണാകരന് വേദനമാത്രമാണ് ഈ മകൻ നൽകിയത്. നേരെ ചൊവ്വേ നിന്നിരുന്നുവെങ്കിൽ മുരളീധരൻ ഒരുപക്ഷേ, രമേശ് ചെന്നിത്തലയേക്കാൾ കേമനായി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലകൊള്ളുമായിരുന്നു. സ്വന്തം കയ്യിലിരുപ്പുകൊണ്ടല്ലേ ഇതൊക്കെ ഉണ്ടായതെന്ന് ആത്മപരിശോധന നടത്തിയിട്ട് മതി എന്നെപ്പോലെയുള്ളവരെ ഉപദേശിക്കാൻ വരാൻ. പുറത്ത് നിന്നായാലും അകത്തുനിന്നായാലും ഒരു സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന ഏത് ചോദ്യം വന്നാലും, അവർക്ക് മറുപടി കൊടുക്കാനുള്ള ആർജ്ജവം ശോഭാസുരേന്ദ്രന് ഉണ്ട് എന്നുപറയുന്നത് തികഞ്ഞ ആത്മാഭിമാനത്തോടെ തന്നെയാണെന്നും ശോഭ പ്രതികരിച്ചു.

k-karunakaran

ബി.ജെ.പിയുടെ ദേശീയ നിർവ്വാഹകസമിതി അംഗമായി നരേന്ദ്രമോദിയോടൊപ്പം, മീറ്റിംഗിൽ പങ്കെടുക്കാൻ ചുമതലയുള്ള ഒരാളാണ് ഞാൻ എന്ന സാമാന്യവിവരമെങ്കിലും മുരളീധരന് ഉണ്ടാകണമായിരുന്നു. അങ്ങനെയുള്ള ഒരു സ്ത്രീയോട് കുറച്ചെങ്കിലും മാന്യതയോടെ പെരുമാറാൻ എന്നാണ് ഇനി അദ്ദേഹം പഠിക്കുകയെന്നും ശോഭ ചോദിച്ചു.

മുരളീധരന് എന്നോട് അടക്കാനാകാത്ത പകയാണുള്ളതെന്ന് കേരള രാഷ്ട്രീയമറിയാവുന്ന ഏവർക്കുമറിയാവുന്ന കാര്യമാണല്ലോ. 2004 ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ വളരെ സുരക്ഷിതമണ്ഡലമെന്ന നിലയിലാണ് മുരളീധരൻ മത്സരിച്ചത്. അതേസമയം മാറാടിലെ പോരാളികളെ വളരെയധികം മോശമായ ഭാഷയിൽ അപമാനിച്ച മുരളീധരനെതിരെ മത്സരിക്കാൻ സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്നെയായിരുന്നു നിയോഗിച്ചത്.

sobha-surendran-with-modi

"മാറാടിന്റെ മറുപടി ബാലറ്റിലൂടെ' എന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. അന്ന് വടക്കാഞ്ചേരിയിൽ മുരളീധരൻ മുട്ടുകുത്തി വീണതിന് കാരണം ശോഭാ സുരേന്ദ്രന്റെ പെട്ടിയിൽ വോട്ട് കൂടിയതുകൊണ്ടുതന്നെയാണ്. അതിലുള്ള പകയാണ് അദ്ദേഹം ഇന്നും കൊണ്ടുനടക്കുന്നത്. നിഷ്പക്ഷമതികൾക്കത് തിരിച്ചറിയാനാകും. വടക്കാഞ്ചേരിയിലെ തോൽവിക്കുശേഷം മുരളീധരന്റെ ഗ്രാഫ് തന്നെ ഇടിഞ്ഞു. വേറെ പാർട്ടിയായെന്നും ശോഭ പ്രതികരിച്ചു.