covid-

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗനിയന്ത്രണത്തിന് അഞ്ചിന പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പരിശോധന വർദ്ധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസൊലേഷൻ, സമ്പർക്കപ്പട്ടിക തയാറാക്കുക, ഒരു വർഷമായി കൊവിഡ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യസംരക്ഷണത്തിന് നടപടികൾ സ്വീകരിക്കുക, പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക, വാക്സിനേഷൻ ലക്ഷ്യം പൂർത്തീകരിക്കുക എന്നിവയാണ് നടപടികൾ.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ 46 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ സെക്രട്ടറി നിർദേശം നൽകി. ആർ.ടി.പി.സി.ആർ പരിശോധന വർദ്ധിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. പൊതുയിടങ്ങളിൽ 44 ശതമാനം ആളുകൾ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ. ഇക്കാര്യത്തിൽ ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത്. മഹാരാഷ്ട്രയിൽ 36,902 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്താകെ 4,52,647 പേരാണ് നിലവിൽ രോഗം ബാധിച്ചത് ചികിത്സയിലുള്ളത്‌