gokulam

കടം വീട്ടുമെന്നും കലിപ്പടക്കുമെന്നും പരസ്യപ്പലകകളിൽ വീമ്പുപറയേണ്ട കാര്യം ഗോകുലം കേരളയ്ക്ക് ഉണ്ടായിരുന്നില്ല. കാരണം വീട്ടാനായി ഗോകുലം കടങ്ങൾ വാരിക്കൂട്ടാറില്ല തന്നെ. സോഷ്യൽ മീഡിയയിലും മറ്റുമായി ആരാധകരെ ഉഷാറാക്കാനായി വലിയ വാചകമടി നടത്താതെയാണ് ഗോകുലം തങ്ങളുടെ കന്നി ഐ-ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുന്നത്. എന്നാലത് ലക്ഷ്യങ്ങളില്ലാതെ,ഭാഗ്യത്തിന്റെ പിൻബലത്തിൽ വെറുതെകിട്ടിയതുമല്ല.വാക്കുകളിലല്ല,പ്രവൃത്തിയിലാണ് കാര്യമെന്നാണ് ഗോകുലത്തിന്റെ വിജയം നമുക്ക് നൽകുന്ന പാഠം.

കേരളത്തിന്റെ ഫുട്ബാൾ ചരിത്രത്തിനും പാരമ്പര്യത്തിനും അഭിമാനം പകർന്നിരിക്കുകയാണ് ഗോകുലം. ഇന്ത്യൻ ഫുട്ബാളിൽ കൊൽക്കത്ത പോലെ തന്നെ കേരളവും വലിയ ശക്തിയാണെന്ന് പറയാറുണ്ടെങ്കിലും ഒരു ദേശീയ ലീഗ് കിരീടം പോലും കേരളത്തിൽ നിന്നുള്ള ക്ളബുകൾക്ക് ഇതുവരെ ഉണ്ടായിരുന്നില്ല. 30 വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷൻ കപ്പായിരുന്നു എ.എഫ്.സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂർണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി.ദേശീയ ലീഗും ഐ ലീഗും ഐ.എസ്.എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് എത്തിയില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ എത്തിയെങ്കിലും കപ്പ് കിട്ടിയില്ല.ആ ആ കാത്തിരിപ്പിനാണ് ഗോകുലം കേരള അവസാനം കുറിച്ചത്.

കേരള ഫുട്ബോളിന് പുത്തൻ ഉണർവ് പകർന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്.പക്ഷേ അവർ അമിത പ്രതീക്ഷയിൽ തട്ടി സ്ഥിരമായി വീണു. കഴിഞ്ഞ രണ്ടുമൂന്ന് സീസണുകളുടെ തുടക്കത്തിൽ ബ്ളാസ്റ്റേഴ്സ് ആരാധകർക്ക് അമിതപ്രതീക്ഷ നൽകുകയും അവസാനം നാണംകെടുകയുമായിരുന്നു. എന്നാൽ ബ്ളാസ്റ്റേഴ്സിന് കഴിയാത്തത് ഗോകുലത്തിന് കഴിഞ്ഞു. പൊള്ളയായ അവകാശവാദങ്ങൾ കുറവായത് കൊണ്ട് തന്നെ ആരാധകരിൽ നിന്ന് അധികം വെറുപ്പ് സമ്പാദിച്ചുമില്ല.

നാലു വർഷങ്ങളിലായി നാലു വലിയ കിരീടങ്ങളാണ് ഗോകുലം കേരള നേടിയിരിക്കുന്നത്. ആദ്യം കേരള പ്രീമിയർ ലീഗ്, പിന്നെ ഡ്യൂറന്റ് കപ്പ് . അതിന് പിന്നാലെയാണ് ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായത്. ഇന്ത്യയിലെ വലിയ ക്ലബുകൾ വനിതാ ടീം ഒരുക്കാൻ മടിച്ചുനിൽക്കുമ്പോഴാണ് ആയിരുന്നു രാജ്യത്തെ മികച്ച വനിതാ ടാലന്റുകളെ വെച്ച് ഗോകുലം അതിന് തയ്യാറായത്.

ഇപ്പോൾ ഐ ലീഗ് കിരീടത്തിനാെപ്പം എ.എഫ്.സി കപ്പ് യോഗ്യത നേടുന്ന കേരള ക്ലബുമായി ഗോകുലം. ഫുട്ബാളിനോട് താല്പര്യമുള്ള ഉടമകളുടെ പിന്തുണയാണ് ഗോകുലത്തെ നാലുകൊല്ലംകൊണ്ട് ഈ നിലയിലെത്തിച്ചത്. ഇനി വൻകരയിലെ തേരോട്ടങ്ങൾ നടത്താൻ ഗോകുലത്തിനാകും. ഒപ്പം കേരളത്തിലെ മറ്റ് പ്രൊഫഷണൽ ക്ലബുകൾക്ക് മാതൃകയായി മാറാനും.

ഗോകുലത്തിന്റെ വിജയരഹസ്യം

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂർത്തമാണിത്. ചാമ്പ്യന്മാരാകാൻ ഏറ്റവും അർഹതയുള്ളവരായിരുന്നു ഞങ്ങൾ. എന്റെ ടീമിനെയോർത്ത് വളരെ അഭിമാനമുണ്ട്.വിൻസൻഷ്യോ അന്നിസ്,​ ഗോകുലം കേരള കോച്ച്

മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം :ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബാൾ ക്ലബിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.