
യാങ്കൂൺ: മ്യാൻമറിൽ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. സായുധസേനാദിനമായ ശനിയാഴ്‌ചയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. വിവിധ നഗരങ്ങളിൽ നടന്ന വെടിവയ്‌പ്പിൽ കുട്ടികൾ ഉൾപ്പടെ 114 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
സൈന്യത്തിന്റെ കൂട്ട കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് യു എസ് പ്രതിനിധി പ്രതികരിച്ചു. ഇത്തരം നടപടികളിൽ നിന്ന് സൈന്യം സ്വയം പിൻവാങ്ങണമെന്ന് ബ്രിട്ടീഷ് അംബാസിഡർ ഡാൻ ചഗ് പറഞ്ഞു.
ചില സ്ഥലങ്ങളിൽ സൈന്യം വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യാങ്കൂണിലെ ദലയിൽ പൊലീസ് സ്റ്റേഷനുപുറത്ത് പ്രതിഷേധിച്ചവർക്കുനേരെ സുരക്ഷാഉദ്യോഗസ്ഥർ നടത്തിയ വെടിവയ്‌പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാണ്ഡലയിൽ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 13 പേരാണ് മരിച്ചത്.
സൈന്യത്തിന് അപമാനകരമായ ദിവസമാണിതെന്നും നിരപരാധികളെ കൊന്നൊടുക്കി സായുധദിനം ആഘോഷിക്കുകയാണ് സൈനികമേധാവികളെന്നും പ്രതിഷേധക്കാരുടെ വക്താവ് ഡോക്‌ടർ സാൻസ കുറ്റപ്പെടുത്തി. എന്നാൽ, ജനങ്ങളെ സംരക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി മിൻ ആംഗ് ലേയിംഗ് പറഞ്ഞു.