chennithala-pinarayi

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചുപറയുകയാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം പ്രതിപക്ഷമായി നൽക്കണം അല്ലാതെ പ്രതികാരപക്ഷമാകരുത്. തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചത്. മേയ് മാസത്തിലെ സാമൂഹിക സുരക്ഷ പെൻഷൻ മുൻകൂർ ആയിട്ട് സർക്കാർ നൽകുന്നുവെന്നാണ് അദ്ദേഹം പരാതി നൽകിയത്. വോട്ടർമാരെ സ്വാധീനിക്കാനെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ഉത്തരവാദിത്തപ്പെട്ട കേന്ദ്രത്തിലേക്ക് ആക്ഷേപമുന്നയിക്കുമ്പോൾ അത് വസ്‌തുതാപരമാകണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മേയ് മാസത്തിലെ പെൻഷൻ സംസ്ഥാന സർക്കാർ മുൻകൂറായി നൽകുന്നില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനാണ് നൽകുന്നത്. മാർച്ചും മേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായോ പ്രതിപക്ഷ നേതാവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

വിഷു, ഈസ്‌റ്റർ തുടങ്ങിയ വിശേഷ അവസരങ്ങളിൽ മുമ്പും കേരളത്തിൽ സാമൂഹിക ക്ഷേമ പെൻഷനുകൾ നേരത്തെ നൽകിയിട്ടുണ്ട്. ഇതൊന്നും ഇതുവരെയും കാണാത്തയാളാണോ പ്രതിപക്ഷ നേതാവ്. ഇനി ശമ്പളവും മുടക്കണമെന്ന് പറയാൻ അദ്ദേഹം തയ്യാറാകുമോ? ഭക്ഷ്യക്കിറ്റിന്റെ കാര്യത്തിലായിരുന്നു അടുത്ത ആരോപണം. കൊവിഡ് കാലത്തെ പ്രതിസന്ധി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അതിന് തുക കണ്ടെത്തിയത്.

പരമാവധി ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. 26 ലക്ഷം പേർക്ക് നൽകി. 10.76 പേർക്ക് മാത്രമാണ് കൊവിഡ് വന്നത്. ഇപ്പോഴും രോഗ വ്യാപന സാദ്ധ്യത നിലനിൽക്കുന്നുണ്ട്. എൽഡിഎഫ് അധികാരത്തിൽ വന്നാൽ കിടപ്പാടം അവകാശം എന്ന നിയമം കൊണ്ടുവരും. നാട്ടിൽ വന്ന മാറ്റങ്ങളെ വരമ്പത്തിരുന്ന് കണ്ടവർക്ക് കല്ലെറിയാൻ തോന്നുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.