
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,71,624 ആയി ഉയർന്നു. നിലവിൽ 4,86,310 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ മാത്രം 312 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1,61,552 ആയി.കൊവിഡ് വ്യാപനം രൂക്ഷമായ 12 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്ര ആരോഗ്യസെക്രട്ടറി വിളിച്ച യോഗത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, തമിഴ്‌നാട്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, ജമ്മുകാശ്‌മീർ, കർണാടക, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരും 46 ജില്ലകളിലെ മുൻസിപ്പൽ കമ്മിഷണർമാരും കളക്ടർമാരും പങ്കെടുത്തു. ഈ ജില്ലകളിൽ പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയന്ത്രണങ്ങൾ ഏപ്രിൽ 15 വരെ നീട്ടി. സംസ്ഥാനത്ത് 35,726 പുതിയ കേസുകളും 166 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഇന്ന് അർദ്ധരാത്രി മുതൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ നിലവിൽ വരും.