
കോഴിക്കോട്: വടകരയിൽ കെ കെ രമയെ യു ഡി എഫ് പിന്തുണയ്‌ക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. വടകരയിൽ ജയിക്കാമെന്നത് എൽ ഡി എഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ രമയോടൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.
കോൺഗ്രസുമായി യാതൊരുവിധ തർക്കവുമില്ലെന്ന് കെ കെ രമ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആർഭാടവും ധൂർത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാൻ അർഹതയില്ലെന്നും മുല്ലപ്പളളി പറഞ്ഞു. ശബരിമല വിഷയത്തിൽ സി പി എമ്മിൽ ആശയ പ്രതിസന്ധിയുണ്ട്. നിലപാട് തരം പോലെ മാറ്റുകയാണ് അവർ. കടംകപളളി സുരേന്ദ്രനെതിരെ പല രേഖകളും തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട കെ പി സി സി അദ്ധ്യക്ഷൻ ഇവ പുറത്ത് വിടുമെന്നും മുന്നറിയിപ്പ് നൽകി.
സ്‌പീക്കർക്കെതിരായ സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാർട്ടിയാണിതെന്ന് ഓർമ്മ വേണം. മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജൻസികളുടെ പിഴവാണ്. എന്തുകൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് താൻ ഉദ്യോഗസ്ഥരോട് ചോദിച്ചുവെന്നും മുഖ്യമന്ത്രിയുമായി പരസ്യസംവാദത്തിന് തയ്യാറാണെന്നും മുല്ലപ്പളളി പറഞ്ഞു.