renji-pancker-e-sreedhara

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ഇ ശ്രീധരനെന്ന് നടൻ രൺജി പണിക്കർ. ഒരാളെ ആവശ്യത്തിലധികം ഊതിവീർപ്പിക്കുമ്പോഴുണ്ടാകുന്ന ദുരന്തമാണ് ഈ ശ്രീധരന്റെ കാര്യത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയല്ലേ? ചിരിക്കാതിരിക്കാൻ പറ്റുമോ? വലിയ വലിപ്പമുണ്ടെന്ന് മുൻ കാലങ്ങളിൽ തെറ്റിദ്ധരിച്ചിട്ടുള്ള ആളല്ലാത്തതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. ഒരാളെ ആവശ്യത്തിലധികം ഊതിവീർപ്പിക്കുമ്പോഴുണ്ടാകുന്ന ദുരന്തമാണ് ഈ ശ്രീധരന്റെ കാര്യത്തിൽ.

ലോകാത്ഭുതങ്ങളൊന്നും ഉണ്ടാക്കിയ ആളല്ല. ഈ ശ്രീധരനിലൊരു ജയസാദ്ധ്യത കാണാൻ ഇപ്പോഴും എന്റെ മനസ് അനുവദിക്കുന്നില്ല.ഇനി അങ്ങനെയൊരു യാഥാർത്ഥ്യമുണ്ടോയെന്ന് എനിക്കറിയില്ല. ഇ ശ്രീധരന് ചുറ്റുമുണ്ടാക്കിയ ഒരു പരിവേഷം ഒരു യഥാർത്ഥമായ കാര്യമാണെന്ന് വിശ്വസിക്കാത്ത ആളാണ് ഞാൻ.

ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് ഇ ശ്രീധരൻ സ്വയം പ്രഖ്യാപിക്കുമ്പോൾ തന്നെ, ഇ ശ്രീധരനെ എങ്ങനെയാണ് കാണേണ്ടതെന്ന് നമ്മുടെ സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും. എൻഡിയുടെ സ്വാധീനം പാലക്കാട് മണ്ഡലത്തിൽ കുറച്ചുകാണുന്നില്ല. ബിജെപിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. ഷാഫി പറമ്പിലിന് വ്യക്തിപരമായിട്ട് വലിയ പ്രഭാവം അവിടെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ്.

പാലക്കാട് ശ്രീധരന്റെ അത്ഭുത പ്രവർത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. അദ്ദേഹം ജയിച്ചാലും, കേരളത്തിന്റെ മുഖ്യമന്ത്രിയായാലുമൊന്നും എന്റെ 'മതിപ്പിൽ'മാറ്റമുണ്ടാകില്ല.ചിലയാളുകളെ നമ്മുടെ മാദ്ധ്യമങ്ങളും,രാഷ്ട്രീയ പാർട്ടികളുമൊക്കെ ആവശ്യത്തിൽ കവിഞ്ഞ് ഏറ്റെടുക്കുകയും,ഊതിവീർപ്പിക്കുകയും ചെയ്യുന്നു.- രൺജി പണിക്കർ പറഞ്ഞു.ഒരു ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.