
മാർച്ച് 26നാണ് മമ്മൂട്ടിയുടെ 'വൺ' എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയിൽ മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിച്ചത്. ചിത്രം കണ്ട ശേഷം ചിലർ സിനിമയിലെ മുഖ്യമന്ത്രിയ്ക്ക് യഥാർത്ഥ കേരള മുഖ്യമന്ത്രിയുമായി സാമ്യമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ അങ്ങനെയൊരു സാമ്യമേയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് വിശ്വനാഥ്. ഒരു രാഷ്ട്രീയ നേതാവിനെയും മാതൃകയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
'നിലവിലെ ഒരു രാഷ്ട്രീയ നേതാവുമായും, രാഷ്ട്രീയ പാർട്ടിയുമായും ഒരു സാമ്യവും സിനിമയിലെ വസ്തുതകൾക്ക് ഉണ്ടാകരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.മമ്മൂട്ടിയും അതിന് പൂർണ പിന്തുണ നൽകി.സിനിമയിൽ ഒരു പാർട്ടിയുടെയും പേരു കൊടിയും അതുകൊണ്ട് തന്നെ ഉപയോഗിച്ചില്ല'- അദ്ദേഹം പറഞ്ഞു.