
തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ നാട്ടിലെത്തിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികൾ. ഇതേ തുടർന്ന് അസം, ബംഗാൾ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിൽ നിന്നും മടങ്ങുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ തൊഴിലിനായി എത്തുന്നത് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതോടെ കേരളത്തിലെ നിർമ്മാണ് മേഖല അടക്കം സ്‌തംഭിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ വ്യവസായങ്ങൾ തൊഴിലാളികളുടെ മടങ്ങിപോക്കിൽ സ്‌തംഭിച്ചിരിക്കുകയാണ്. നിർമ്മാണ മേഖല, ചെറുകിട വ്യാപാരികൾ, പൈനാപ്പിൾ, റബ്ബർ, നെൽകൃഷി എന്നിവയിലും രൂക്ഷമായ തൊഴിൽ ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഹോട്ടൽ, റസ്റ്റോറന്റ് മേഖലയിലും ആൾക്ഷാമമുണ്ടാകും. ഇതിൽ പൈനാപ്പിൾ കൃഷിക്കാണ് ഏറ്റവും വലിയ തിരിച്ചടി. ഇരുപതിനായിരം അതിഥി തൊഴിലാളികളാണ് ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രം പൈനാപ്പിൾ കൃഷി രംഗത്ത് ജോലി ചെയ്യുന്നത്.
മൂവാറ്റുപുഴയിൽ നിന്ന് അഞ്ഞൂറോളം പേരാണ് ഇന്നലെ മാത്രം സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. മൂവാറ്റുപുഴ മുതൽ പിറവം വരെയുളള പ്രദേശങ്ങളിൽ നിന്നായി കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂവായിരത്തോളം പേർ പോയിട്ടുണ്ട്. ബംഗാളിൽ ഭരണം പിടിക്കാൻ ബി ജെ പിയും ഭരണം നിലനിർത്താൻ തൃണമൂൽ കോൺഗ്രസും ശക്തമായ മത്സരമാണ് നടത്തുന്നത്. അസമിലും സമാനസ്ഥിതിയാണ്.