
ടെഹ്റാൻ: ഇറാനുമായി എണ്ണക്കരാറിൽ ഒപ്പിടാൻ ചൈന ധാരണയിലെത്തി. ഇറാനിൽനിന്ന് അടുത്ത 25 വർഷത്തേക്ക് എണ്ണ ഇറക്കുമതിചെയ്യാനാണ് ചൈന കരാറൊപ്പിട്ടിരിക്കുന്നത്. ഇറാനിലെ വിവിധ പദ്ധതികൾക്കായി 50,000 കോടിയുടെ നിക്ഷേപവും ചൈന നടത്തും. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ബംപും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാഫ്രിയുമാണ് കരാർ ഒപ്പിട്ടത്.
ആദ്യമായാണ് ഇത്ര നീണ്ട കാലയളവിലേക്ക് ഇറാൻ ഒരു വിദേശ രാജ്യവുമായി ഒരു കരാർ ഒപ്പിടുന്നത്. ആണവകരാറിൽ റഷ്യയുമായുണ്ടായിരുന്ന 10 വർഷ കരാറാണ് ഇതിന് മുൻപുള്ള നീണ്ട കാലയളവ്. ചൈനയുമായുള്ള കരാർ പ്രകാരം ഇറാനിലെ ബാങ്കിംഗ്, റെയിൽവേ, ആരോഗ്യം, ടെലികോം, തുറമുഖം, വിവരസാങ്കേതിക മേഖല എന്നിവിടങ്ങളിൽ ചൈന മുതൽമുടക്കും.
അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളാണ് ഇറാനും ചൈനയുമെന്ന കാര്യവും ശ്രദ്ധേയമാണ്. ആണവ കരാർ ലംഘിച്ചതിനാണ് ഇറാനുമായി അമേരിക്കയുടെ ബന്ധം വഷളാവാൻ കാരണം. ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങൾ ഇറാൻ ലംഘിക്കുന്നുവെന്ന കാരണത്താലാണ് ഇറാനെതിരെ ഉപരോധം തുടരുന്നത്. കൊവിഡ് മഹാമാരിയെത്തുടർന്നുള്ള ആരോപണ പ്രത്യാപരോപണങ്ങളാണ് ചൈനയുമായി അമേരിക്കയുടെ ബന്ധം വഷളാവാൻ കാരണം. ആഗോളതലത്തിൽ ഒന്നാമതെത്തുന്നതിൽ നിന്ന് ചൈനയെ ഏതു വിധേനയും തടയുമെന്ന് ജോ ബൈഡൻ പ്രഖ്യാപിക്കുകയും ചെയ്തു.