amit-shah

ന്യൂഡൽഹി: ആസാമിലും പശ്ചിമ ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ ബി ജെ പി ഇരുനൂറിലധികം സീറ്റുകൾ നേടുമെന്നും, അസാമിൽ അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് ജനങ്ങളുടെ ആവേശമാണ് കാണിക്കുന്നതെന്ന് പറഞ്ഞ അമിത്ഷാ, ഇരു സംസ്ഥാനങ്ങളിലെയും വോട്ടർമാർക്കും നന്ദി പറഞ്ഞു.

പശ്ചിമ ബംഗാളിൽ 84 ശതമാനത്തിലധികം പോളിംഗ് സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണെന്നും അമിത് ഷാ പറഞ്ഞു. ഇന്നലെയായിരുന്നു ആസാമിലും ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ അതിക്രമങ്ങൾക്ക് പേരുകേട്ടതാണെന്നും, എന്നാൽ ആരുടെയും ജീവന് ആപത്ത് വരാതെ ഒന്നാം ഘട്ട വോട്ടെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'വർഷങ്ങൾക്കുശേഷം, ഇന്നലെ പശ്ചിമ ബംഗാളിൽ ആക്രമണങ്ങളൊന്നുമില്ലാതെ വോട്ടെടുപ്പ് നടന്നു. ബിജെപിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതിന് പശ്ചിമ ബംഗാളിലെ സ്ത്രീകൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരുനൂറിലധികം സീറ്റുകളുമായി പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും'-അമിത് ഷാ പറഞ്ഞു.ബൂത്ത് തലത്തിലുള്ള പ്രവർത്തകരുമായും പാർട്ടി നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് താൻ ഈ നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.