uae

അബുദാബി : പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയുമായി രാജ്യാന്തര വ്യോമാഭ്യാസത്തിൽ പങ്കാളിയായി ഇന്ത്യയും. യു.എസും ഫ്രാൻസുമാണ് പരിപാടിയിൽ പങ്കെടുത്ത പ്രധാനപ്പെട്ട യൂറോപ്യൻ രാജ്യങ്ങൾ. ഡെസർട്ട് ഫ്ലാഗ് - 6 എന്ന പരിപാടി മാർച്ച് 4 മുതൽ മാർച്ച് 27 വരെ യു.എ.ഇയിലെ അൽ ദഫ്രാ വ്യോമത്താവളത്തിലാണ് സംഘടിപ്പിച്ചത്. സൗദി അറേബ്യയും ബെഹ്റിൻ തുടങ്ങിയ അറബ് രാജ്യങ്ങളും ഡെസർട്ട് ഫ്ലാഗ് - 6 ൽ പങ്കാളികളായി. ഇന്ത്യ ആദ്യമായാണ് യു.എ.ഇ സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പ്രതിരോധ സൈനിക മേഖലയിൽ ബന്ധം സുദൃഢമാക്കാനും ഇത് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗഹൃദപരമായ വ്യോമാഭ്യാസത്തിലൂടെ രാജ്യങ്ങൾക്ക് പരസ്പരം പുതിയ നൂതന പ്രതിരോധ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കാനും സഹായകകരമാകും. ഫെബ്രുവരിയിൽ അബുദാബിയിലെ നാവിക സേനാ എക്സിബിഷനിലും ഇന്ത്യ പങ്കെടുത്തിരുന്നു.