
കാസർകോട്: കാസർകോട് നിയോജകമണ്ഡലത്തിലെ ബാലറ്റ് യന്ത്രത്തിൽ പതിപ്പിക്കാനെത്തിച്ച ചിഹ്നങ്ങൾ തമ്മിൽ വലുപ്പത്തിൽ വ്യത്യാസം. ബി ജെ പിയുടെ താമരചിഹ്നത്തിന് കൂടുതൽ വലുപ്പവും മുസ്ലിംലീഗിന്റെ ഏണിക്ക് വലുപ്പം കുറവാണെന്നുമാണ് കണ്ടെത്തിയത്. ഇതോടെ ബാലറ്റ് പേപ്പർ പതിപ്പിച്ച് വോട്ടിംഗ് യന്ത്രം തയ്യാറാക്കുന്ന പ്രവൃത്തി നിർത്തിവച്ചു.
ഇന്നലെ രാവിലെ കാസർകോട് സർക്കാർ കോളേജിൽ നടത്തിയ കമ്മിഷണിംഗാണ് സ്ഥാനാർത്ഥികളുടെ പരാതിയെ തുടർന്ന് നിർത്തിവച്ചത്. തുടർന്ന് പാർട്ടി പ്രതിനിധികൾ സംഭവം റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ യു ഡി എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് എം എൽ എ കോളേജിലെത്തി ചിഹ്നങ്ങൾ പരിശോധിച്ചു. തുടർന്ന് റിട്ടേണിംഗ് ഓഫീസർക്കും കളക്‌ടർക്കും പരാതി നൽകി.
കളക്‌ടർ കോളേജിൽ നേരിട്ടെത്തി ചിഹ്നങ്ങൾ അളന്നുനോക്കി തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിംഗ് യന്ത്രം തയ്യാറാക്കുന്ന നടപടി നിർത്തിവയ്‌ക്കാൻ റിട്ടേണിംഗ് ഓഫീസർ നിർദേശിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമികനിഗമനത്തിലാണ് അധികൃതർ. തിരഞ്ഞെടുപ്പ് ഓഫീസറെ ധരിപ്പിച്ചശേഷം തുടർനടപടിയെടുക്കാനാണ് തീരുമാനം.