
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പരസ്പരം പോരിനിറങ്ങി ബി.ജെ.പിയും തൃണമൂലും. ബി.ജെ.പിയിൽ ചേർന്ന മുൻ തൃണമൂൽ നേതാവായ പ്രോലോയ് പാലുമായി മമത ഫോണിൽ ബന്ധപ്പെട്ടെന്നും പാർട്ടിയിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടെന്നും ബി.ജെ.പി ആരോപിക്കുന്നു. മമത പരാജയ ഭീതിയിലാണെന്ന് പറഞ്ഞ മുതിർന്ന ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയവർഗിയയും ശിശിർ ബജോരിയയും മാദ്ധ്യമങ്ങളുടെ മുന്നിൽ വച്ച് മമതയുടെ കോൾ റെക്കോഡ് പുറത്തുവിട്ടു. നന്ദിഗ്രാമിൽ വിജയിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മമത വിളിച്ചെന്ന് പ്രോലോയ് വെളിപ്പെടുത്തിയിരുന്നു. മമതയുടെ ആവശ്യം നിഷേധിച്ച പ്രോലോയ്, സി.പി.എം വേട്ടയാടിയ സമയത്ത് തന്നെ സഹായിച്ച സുവേന്ദു അധികാരിയുടെ കുടുംബത്തെ ചതിക്കാനാകില്ലെന്ന് പറയുന്നു.
ഇതിനു പിന്നാലെ സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളെ സ്വാധീനിക്കുന്നതിനെ കുറിച്ച് ബി.ജെ.പി നേതാക്കളായ മുകുൾ റോയ്‌യും ശിശിർ ബജോരിയും സംസാരിച്ചതിന്റെ ശബ്ദ സന്ദേശം തൃണമൂലും പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെടുന്ന മുകുൾ റോയ്, പോളിംഗ് ബുത്തുകളെക്കുറിച്ചും പോളിംഗ് ഏജന്റുമാരെക്കുറിച്ചും പറയുന്നുണ്ട്. പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് ദിവസം ഇരിക്കുന്ന പാർട്ടികളുടെ ഏജന്റുമാർ സാധാരണയായി ആ പ്രദേശത്തുള്ളവർ തന്നെയായിരിക്കും. എന്നാൽ, ബംഗാളിലെ ഏതു വോട്ടർക്കും സംസ്ഥാനത്തെ ഏതു ബൂത്തിലും ഏജന്റുമാരാകാൻ അനുവാദം നൽകുന്ന ഉത്തരവു പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിക്കണമെന്നും അല്ലെങ്കിൽ പല ബുത്തുകളിലും ബി.ജെ.പിക്ക് ഇരിക്കാൻ ഏജന്റുമാർ ഉണ്ടാകില്ലെന്നും റോയ് പറഞ്ഞതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം, മമത ഇന്നലെ മുതൽ നന്ദിഗ്രാമിൽ മൂന്ന് ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ക്യാമ്പ് ചെയ്തിട്ടുണ്ട്. ഏഴ് പൊതുപരിപാടികളിലും രണ്ട് റോഡ് ഷോകളിലും മതത പങ്കെടുക്കും.