kk

കൊച്ചി: വേനൽക്കാലം വന്നതോടെ നല്ലകാലം തിരിച്ചെത്തിയ പ്രതീതിയാണ് പൈനാപ്പിളിന്. ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ ഡിമാൻഡ് കൂടിയതിനാൽ വില കരകയറുന്നത് കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമാകുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കിലോയ്ക്ക് ശരാശരി 16 രൂപയായിരുന്ന പൈനാപ്പിൾ പച്ച ഇനത്തിന് ഇപ്പോൾ വില 29-30 രൂപയാണ്.

ഫെബ്രുവരിയിൽ 16 രൂപയായിരുന്ന പഴം വില 34 രൂപയിലെത്തി. പച്ച സ്‌പെഷ്യൽ വില 17 രൂപയായിരുന്നത് ഇപ്പോൾ വിൽക്കുന്നത് 32 രൂപയ്ക്ക്. വേനൽച്ചൂടിൽ ജ്യൂസായും മറ്റും പൈനാപ്പിൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. ഹോളി ആഘോഷങ്ങളുടെ കൂടി ചുവടുപിടിച്ചാണ് ഉത്തരേന്ത്യയിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിച്ചത്. ഒരുവർഷം മുമ്പ് കൊവിഡും ലോക്ക്ഡൗണും മൂലം വിതരണം താളംതെറ്റിയപ്പോൾ പൈനാപ്പിൾ വില പത്തുരൂപയ്ക്ക് താഴേക്ക് ഇടിഞ്ഞിരുന്നു. വിതരണശൃംഖയിൽ തടസങ്ങളില്ലെങ്കിൽ വേനൽക്കാലത്ത് വില കിലോയ്ക്ക് 40 രൂപയ്ക്കുമേൽ എത്താറുണ്ട്. വരുംദിവസങ്ങളിൽ വില കൂടുമെന്നാണ് കർഷകരുടെയും വിതരണക്കാരുടെയും പ്രതീക്ഷ.

ലോക്ക്‌ഡൗൺ ഭീതി വീണ്ടും

ഉത്തരേന്ത്യയിൽ നിന്ന് നല്ല ഡിമാൻഡുള്ള കാലമാണിത്. എന്നാൽ, വർദ്ധിക്കുന്ന കൊവിഡ് കേസുകൾ മൂലം വീണ്ടും അവിടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗണുകളുണ്ടായാൽ ഡിമാൻഡിനെ ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്. ആഘോഷങ്ങൾ, കല്യാണങ്ങൾ, മറ്റ് പരിപാടികൾ തുടങ്ങിയവ മാറ്റിവയ്ക്കപ്പെടുമെന്നതിനാൽ ഓർഡറുകൾ കുറയുമെന്നതാണ് തിരിച്ചടിയാവുക. ഇന്ത്യയിൽ പൈനാപ്പിൾ ഉപഭോഗത്തിന്റെ 40 ശതമാനത്തോളം പങ്കുവഹിക്കുന്ന മഹാരാഷ്‌ട്രയിലാണ് ഇപ്പോൾ കൊവിഡ് കേസുകൾ കൂടുന്നത്.