cyber-crime

ദോഹ: ഖത്തറിൽ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം. സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും ദുരുപയോഗത്തിന് കടുത്ത ശിക്ഷയാണ് ഖത്തർ നിയമം അനുശാസിക്കുന്നത്. ഓൺലൈനിലൂടെ ആളുകളെ ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം ചെയ്യുക, അക്കൗണ്ടുകളും മറ്റും ഹാക്ക് ചെയ്ത് പണമോ വിവരങ്ങളോ ചോർത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അതിന്റെ തീവ്രത അനുസരിച്ച് ആറ് മാസം മുതൽ അഞ്ചു വർഷം വരെ തടവും 10,000 റിയാൽ മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണങ്ങൾ, വ്യാജപ്രചാരണങ്ങൾ, ഹാക്കിംഗ് തുടങ്ങിയ വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്തായി വ്യാപകമായിരിക്കുന്നത്. ഇതിന് ഇരകളാവാതിരിക്കാൻ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തണം. തങ്ങളുടെ ഐഡി കാർഡോ അതിന്റെ പകർപ്പോ മറ്റൊരാൾക്ക് നൽകാതിരിക്കുകയെന്നതാണ് ഇതിൽ പ്രധാനം.‌ മൊബൈൽ ഫോൺ കാമറയിൽ ഫോട്ടോ പകർത്തുന്നതും സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. അപകടങ്ങൾ മാത്രമല്ല, ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന ഏത് കാര്യവും കാമറയിൽ പകർത്തുന്നത് കുറ്റകരമാണ്. രണ്ടു വർഷം തടവും 10,000 രൂപ പിഴയുമാണ് ഇതിനുള്ള ശിക്ഷ. മൊബൈൽ കാമറ ഉപയോഗിക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ മാത്രമേ അത് ഉപയോഗിക്കാവൂ എന്നും അപ്പോൾ പോലും മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ അത് പാടില്ലെന്നും ഇത് പാലിക്കാത്ത പക്ഷം ശിക്ഷ ഉറപ്പാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.