
കോട്ടയം: നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗൺസ്‌മെന്റ് വാഹനത്തിന് നേരെ ആക്രമണം. വാഹനം തടഞ്ഞ ശേഷം ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ ഡ്രൈവർ സോമശേഖരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്നു ബി ജെ പി ആരോപിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ നട്ടാശേരി പരുത്തിക്കുഴി ഭാഗത്തായിരുന്നു ആക്രമണം. അനൗൺസ്‌മെന്റ് വാഹനം കടന്നു പോകുന്നതിനിടെ ഒരു സംഘം വാഹനം തടഞ്ഞു നിറുത്തുകയായിരുന്നു. തുടർന്നു വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത സംഘം, മൈക്ക് അനൗൺസ്‌മെന്റ് നിർത്താൻ ആവശ്യപ്പെട്ടു. മൈക്ക് ഓഫ് ചെയ്യുന്നത് തടയാൻ ശ്രമിച്ച സോമശേഖരന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും, മാരകായുധം ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്‌തെന്ന് സോമശേഖരൻ പറഞ്ഞു. അനൗൺസ്‌മെന്റ് നടത്താൻ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ അക്രമം.
സംഭവം അറിഞ്ഞ് ബി ജെ പി നേതാക്കളെത്തിയതോടെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കുഴഞ്ഞ് വീണ സോമശേഖരനെ നേതാക്കൾ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോമശേഖരനെ സ്ഥാനാർത്ഥി മിനർവ മോഹൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.