
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മോദി ബംഗ്ലാദേശിൽ പോയി ബംഗാളിനെക്കുറിച്ച് പ്രസംഗിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്.’– ഖരഗ്പുരിൽ നടന്ന പ്രചാരണ പരിപാടിയിൽ മമത പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ബംഗ്ലാദേശ് നടൻ തൃണമൂലിന്റെ റാലിയിൽ പങ്കെടുത്തപ്പോൾ ബി.ജെ.പി അദ്ദേഹത്തിന്റെ വിസ റദ്ദാക്കി. ഇപ്പോൾ മോദി ഒരു വിഭാഗം ആളുകളിൽനിന്ന് വോട്ടു തേടി ബംഗ്ലാദേശിലേക്ക് പോകുന്നു. എന്തുകൊണ്ട് അദ്ദേഹത്തിന്റെ വിസ റദ്ദാക്കുന്നില്ല?. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും - മമത പറഞ്ഞു.
മമത ബംഗ്ലാദേശിൽനിന്ന് ബംഗാളിലേക്ക് ആളുകളെ കൊണ്ടുവന്നു നുഴഞ്ഞുകയറ്റം നടത്തിയെന്ന് ആരോപിക്കുന്നവർ എന്തിനാണ് ബംഗ്ലദേശിൽ പോയി പ്രചാരണം നടത്തുന്നത്? മാതുവ സമുദായത്തിന്റെ ആത്മീയ ഗുരുവായ ഹരിചന്ദ് ഠാക്കൂറിന്റെ ജന്മസ്ഥലമായ ബംഗ്ലാദേശിലെ ഓറകാണ്ടിയിലെ ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചതിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ വിമർശനം.