raid

മലപ്പുറം: മലപ്പുറം എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതിനെ തുടർന്നാണ് റെയ്‌ഡ്. പത്ത് ലക്ഷം രൂപയ‌്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ കളക്‌ടർ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കൂടി മുൻകൂട്ടി കണ്ടായിരുന്നു കളക്‌‌ടറുടെ നിർദ്ദേശം.

കളക്‌ടർക്ക് നൽകിയ രേഖകളിൽ ചില ഇടപാടുകൾ ബാങ്ക് മറച്ചുവച്ചിരുന്നുവെന്ന് പരാതി ഉയരുകയായിരുന്നു. ഇതേ തുടർന്നാണ് ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്ക് എത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരം കോടിയുടെ ഇടപാട് ബാങ്കിൽ നടന്നിട്ടുണ്ട്. മരിച്ചവരുടെ പേരുകളിൽ അടക്കം ബാങ്കിൽ നിക്ഷേപമുണ്ട്.

നോട്ട് നിരോധന കാലത്തും ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ് ശുപാർശ ചെയ്‌തിട്ടുണ്ട്.