anil-deshmukh

നാഗ്പൂർ: മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗ് തനിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഒരു റിട്ട. ഹൈക്കോടതി ജ‌‌ഡ്ജി അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. തന്റെ അപേക്ഷ പ്രകാരമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സിംഗിനെതിരെ മാനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുംബയ് ബാറുകളിൽ നിന്നും മറ്റും പ്രതിമാസം 100 കോടി രൂപ ദേശ്മുഖ് പിരിയ്ക്കാൻ ശ്രമിച്ചെന്നും അംബാനി കേസിൽ അറസ്റ്റിലായ സച്ചിൻ വാസെയെ അടക്കം മന്ത്രി അനധികൃതമായാണ് നിയമിച്ചതെന്നുമാണ് സിംഗിന്റെ ആരോപണം. അതേസമയം,​ സച്ചിൻ വാസെയെ ബാദ്ര നദിയുടെ സമീപമെത്തിച്ച് മുംബയ് പൊലീസ് തെളിവെടുപ്പ് നടത്തി. വാസയുടെ വെളിപ്പെടുത്തൽ പ്രകാരം നദിയിൽ നിന്ന് ഒരു ഹാർഡ് ഡിസ്കും കാറിന്റെ നമ്പർ പ്ലേറ്റും പൊലീസ് കണ്ടെടുത്തു.

 മൻസുഖിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എൻ.ഐ.എ

മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് അവകാശപ്പെട്ടിരുന്ന മൻസുഖ് ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി. കേസുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഇൻസ്‌പെക്ടർമാരും ഒരു സീനിയർ പൊലീസ് ഓഫിസറും നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്തേക്കുമെന്നും എൻ.ഐ.എ അറിയിച്ചു. ഹിരണിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം വാസെ, ഔദ്യോഗിക ഫോൺ അടക്കം 5 മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് എൻ.ഐ.എ കണ്ടെത്തി. ഔദ്യോഗിക ഫോണിൽനിന്നുള്ള രേഖകൾ ശേഖരിക്കാൻ വിദഗ്ദ്ധ സഹായം തേടിയിട്ടുണ്ട്.